തുടക്കം നിരാശ; ട്രിപ്പിള്‍ സെഞ്ച്വറിയടിക്കാന്‍ സാധിക്കാതെ രോഹിത്
IPL
തുടക്കം നിരാശ; ട്രിപ്പിള്‍ സെഞ്ച്വറിയടിക്കാന്‍ സാധിക്കാതെ രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 8:24 pm

 

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സ്വന്തം തട്ടകത്തില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പാളിയിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സൂപ്പര്‍ താരം റിയാന്‍ റിക്കല്‍ടണിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. രണ്ട് പന്തില്‍ രണ്ട് റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയത്.

ഓവറിലെ നാലാം പന്തില്‍ വണ്‍ ഡൗണായെത്തിയ വില്‍ ജാക്‌സിനെ മടക്കാനും ടൈറ്റന്‍സിന് മുമ്പില്‍ അവസരമുണ്ടായിരുന്നു. റിക്കല്‍ടണിനെ പുറത്താക്കാന്‍ അതിഗംഭീര ക്യാച്ച് സ്വന്തമാക്കിയ സായ് സുദര്‍ശന് എന്നാല്‍ ഇത്തവണ പിഴച്ചു. സിവല്‍വര്‍ ഡക്കായി മടങ്ങേണ്ട സാഹചര്യത്തില്‍ നിന്നും ഇംഗ്ലീഷ് താരത്തിന് ജീവന്‍ തിരിച്ചുകിട്ടി.

സമ്മര്‍ദത്തിലായ മുംബൈയെ കരകയറ്റാനുള്ള ഉത്തരവാദിത്തം സീനിയര്‍ താരമായ രോഹിത് ശര്‍മയ്ക്കായിരുന്നു. എന്നാല്‍ ആ റോള്‍ പൂര്‍ത്തിയാക്കാന്‍ ഹിറ്റ്മാന് സാധിച്ചില്ല. എട്ട് പന്തില്‍ വെറും ഏഴ് റണ്‍സുമായി മുന്‍ നായകന്‍ മടങ്ങി. അര്‍ഷദ് ഖാന്റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവും രോഹിത്തിന് മുമ്പിലുണ്ടായിരുന്നു. ഐ.പി.എല്ലില്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമായിരുന്നു താരത്തിന് മുമ്പിലുണ്ടായിരുന്നത്. ഇതിന് വേണ്ടിയിരുന്നതാകട്ടെ വെറും മൂന്ന് സിക്‌സറുകളും.

ക്രിസ് ഗെയ്‌ലിന് മാത്രം സ്വന്തമാക്കാന്‍ സാധിച്ച നേട്ടത്തിലെത്താന്‍ ഈ മത്സരത്തില്‍ സാധിക്കിമായിരുന്നെങ്കിലും ഒറ്റ സിക്‌സര്‍ പോലും നേടാനാകാതെ ഹിറ്റ്മാന്‍ മടങ്ങി.

അതേസമയം, മത്സരം എട്ട് ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയിലാണ് മുംബൈ. 15 പന്തില്‍ 26 റണ്‍സുമായി സൂര്യകുമാര്‍ യാദവും 23 പന്തില്‍ 40 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IPL 2025: GT vs MI: Rohit Sharma dismissed without scoring a sixer