'ടോസ് വിജയിച്ച് ഗുജറാത്ത്, അപ്പോള്‍ വിജയം മുംബൈ ഇന്ത്യന്‍സിന് തന്നെ'; ആറില്‍ ആറും ഇതേ പാറ്റേണ്‍
IPL
'ടോസ് വിജയിച്ച് ഗുജറാത്ത്, അപ്പോള്‍ വിജയം മുംബൈ ഇന്ത്യന്‍സിന് തന്നെ'; ആറില്‍ ആറും ഇതേ പാറ്റേണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 7:40 pm

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ കളിച്ച ആറ് മത്സരത്തില്‍ നാലിലും ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചപ്പോള്‍ രണ്ട് തവണ വിജയം മുംബൈയ്ക്കൊപ്പം നിന്നു.

ഇവര്‍ തമ്മില്‍ ഏറ്റമുട്ടിയ ആറ് മത്സരത്തില്‍ ഒരിക്കല്‍പ്പോലും ടോസ് നേടിയ ടീമിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത. മുംബൈ ഇന്ത്യന്‍സ് ജയിച്ച രണ്ട് മത്സരത്തിലും ഗുജറാത്ത് ടൈറ്റന്‍സും, ടൈറ്റന്‍സ് വിജയിച്ച നാല് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സുമാണ് ടോസ് വിജയിച്ചത്.

ഈ ആറ് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത് എന്നതും ശ്രദ്ധേയമാണ്.

മുംബൈ ഇന്ത്യന്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ്, ടോസും വിജയങ്ങളും

2022 – ടോസ്: ഗുജറാത്ത് ടൈറ്റന്‍സ്. വിജയം മുംബൈ ഇന്ത്യന്‍സ് (5 റണ്‍സ്)

2023 – ടോസ്: മുംബൈ ഇന്ത്യന്‍സ്. വിജയം: ഗുജറാത്ത് ടൈറ്റന്‍സ് (55 റണ്‍സ്)

2023 – ടോസ്: ഗുജറാത്ത് ടൈറ്റന്‍സ്. വിജയം മുംബൈ ഇന്ത്യന്‍സ് (27 റണ്‍സ്)

2023 – ടോസ്: മുംബൈ ഇന്ത്യന്‍സ്. വിജയം: ഗുജറാത്ത് ടൈറ്റന്‍സ് (62 റണ്‍സ്)

2024 – ടോസ്: മുംബൈ ഇന്ത്യന്‍സ്. വിജയം: ഗുജറാത്ത് ടൈറ്റന്‍സ് (6 റണ്‍സ്)

2025 – ടോസ്: മുംബൈ ഇന്ത്യന്‍സ്. വിജയം: ഗുജറാത്ത് ടൈറ്റന്‍സ് (36 റണ്‍സ്)

2022ല്‍, ചരിത്രത്തിലാദ്യമായി മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടിയപ്പോള്‍ ടോസ് ഭാഗ്യം തുണച്ചത് മുംബൈ ഇന്ത്യന്‍സിനെയായിരുന്നു, ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ മത്സരത്തില്‍ അഞ്ച് റണ്‍സിന് ടൈറ്റന്‍സ് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 172ല്‍ തളക്കുകയും ചെയ്തു.

2023ല്‍ പ്ലേ ഓഫിലടക്കം മൂന്ന് മത്സരങ്ങളിലാണ് മുംബൈയും ടൈറ്റന്‍സും നേര്‍ക്കുനേര്‍വന്നത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ടോസ് വിജയിച്ചപ്പോള്‍ ടൈറ്റന്‍സ് മത്സരം വിജയിച്ചു. വാംഖഡെയില്‍ ടോസ് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ തുണച്ചപ്പോള്‍ മത്സരഫലം മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു.

പ്ലേ ഓഫ് മത്സരങ്ങള്‍ക്കായി മുംബൈ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ടോസ് ഭാഗ്യം രോഹിത് ശര്‍മയെ തുണച്ചു. എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തില്‍ ദില്‍ സേ ആര്‍മിയെ 62 റണ്‍സിന് പരാജയപ്പെടുത്തി ടൈറ്റന്‍സ് മുമ്പോട്ട് കുതിച്ചു.

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യമായി ഗുജറാത്തിനെ നേരിട്ടത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു. മത്സരത്തില്‍ ടോസ് ഭാഗ്യം മുംബൈ നായകന് അനുകൂലമായപ്പോള്‍ മത്സരം ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ഈ സീസണില്‍ ആദ്യമേറ്റുമുട്ടിയപ്പോള്‍ വിജയം ടൈറ്റന്‍സിനൊപ്പമായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിനാണ് ഹോം ടീം വിജയിച്ചത്. ടോസ് നേടിയത് മുംബൈ ഇന്ത്യന്‍സായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഇതേ രീതി തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ വിജയിക്കുകയും പോയിന്റ് പട്ടികയില്‍ ഒന്നാതെത്താനും സാധിച്ചേക്കും.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlight: IPL 2025: GT vs MI: Gujarat Titans won the toss and elect to field first