ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുറച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ 13ാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. നിലവില്‍ 12 മത്സരത്തില്‍ നിന്നും ഒമ്പത് വിജയവുമായി 18 പോയിന്റാണ് ടീമിനുള്ളത്.
സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗ ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞാണ് ടൈറ്റന്‍സ് കളത്തിലിറങ്ങിയിരിക്കുന്നത്. തങ്ങളുടെ ഐക്കോണിക്കായ കരിനീല ജേഴ്‌സിക്ക് പകരം ലാവന്‍ഡര്‍ ജേഴ്‌സിയാണ് ടീം ധരിച്ചത്.
കാന്‍സറിനെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ടൈറ്റന്‍സ് ലാവന്‍ഡര്‍ ജേഴ്‌സി ധരിക്കുന്നത്. ഇതിന് മുമ്പുള്ള സീസണുകളിലും ടീം ഇതേ ജേഴ്‌സി ധരിച്ചിരുന്നു.
കാന്‍സറിനെ കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കുന്നതിനും രോഗം ബാധിച്ചവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ തങ്ങളെ ലാവന്‍ഡറിലേക്ക് പറിച്ചുനട്ടത്. ജേഴ്‌സിക്ക് പുറമെ സോഷ്യല്‍ മീഡിയയിലെ ലോഗോ അടക്കമുള്ള ചിത്രങ്ങളും ലാവന്‍ഡറിലേക്ക് മാറിയിട്ടുണ്ട്.
നേരത്തെ ദല്‍ഹി ഡെയര്‍ഡെവിള്‍സും ഇത്തരത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്നോണം ലാവന്‍ഡര്‍ ജേഴ്സി ധരിച്ച് മത്സരത്തിനിറങ്ങിയിരുന്നു.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 എന്ന നിലയിലാണ്. 17 പന്തില്‍ 28 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 19 പന്തില്‍ 22 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കഗീസോ റബാദ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഹിമ്മത് ഷാ, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാന്‍, വില്‍ ഒ റൂര്‍ക്.
Content Highlight: IPL 2025: GT vs LSG: Why Gujarat Titans wearing Lavender Jersey