ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുറച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ 13ാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. നിലവില്‍ 12 മത്സരത്തില്‍ നിന്നും ഒമ്പത് വിജയവുമായി 18 പോയിന്റാണ് ടീമിനുള്ളത്.
സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗ ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞാണ് ടൈറ്റന്‍സ് കളത്തിലിറങ്ങിയിരിക്കുന്നത്. തങ്ങളുടെ ഐക്കോണിക്കായ കരിനീല ജേഴ്‌സിക്ക് പകരം ലാവന്‍ഡര്‍ ജേഴ്‌സിയാണ് ടീം ധരിച്ചത്.
കാന്‍സറിനെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ടൈറ്റന്‍സ് ലാവന്‍ഡര്‍ ജേഴ്‌സി ധരിക്കുന്നത്. ഇതിന് മുമ്പുള്ള സീസണുകളിലും ടീം ഇതേ ജേഴ്‌സി ധരിച്ചിരുന്നു.
കാന്‍സറിനെ കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കുന്നതിനും രോഗം ബാധിച്ചവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ തങ്ങളെ ലാവന്‍ഡറിലേക്ക് പറിച്ചുനട്ടത്. ജേഴ്‌സിക്ക് പുറമെ സോഷ്യല്‍ മീഡിയയിലെ ലോഗോ അടക്കമുള്ള ചിത്രങ്ങളും ലാവന്‍ഡറിലേക്ക് മാറിയിട്ടുണ്ട്.