| Friday, 23rd May 2025, 8:18 am

കുതിപ്പ് തുടര്‍ന്ന് സായ് - ഗില്‍; ഇവരിത് വീണ്ടും പൊടിപൊടിക്കുകയാണല്ലോ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം മോഹിച്ച് കളത്തിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ തോല്‍വിയാണ് ടൈറ്റന്‍സ് വഴങ്ങിയത്.

സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ എല്ലാ മത്സരങ്ങളിലും തകര്‍ത്തടിക്കുന്ന ഗില്‍ – സായ് സംഘം വേഗം മടങ്ങിയതാണ് ഗുജറാത്തിന് വിനയായത്.

മത്സരത്തില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇരുവരും കൂടാരം കയറിയിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ 20 പന്തില്‍ 35 റണ്‍സും സായ് 16 പന്തില്‍ 21 റണ്‍സും നേടിയാണ് പുറത്തായത്. നേരത്തെ പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം ഈ സഖ്യം തങ്ങളുടെ പേരിലാക്കി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആവറേജുള്ള ഓപ്പണിങ് ജോഡിയാവാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും മികച്ച ശരാശരി (കുറഞ്ഞത് 1000 റണ്‍സ്)

(ജോഡി – ശരാശരി എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍/സായ് സുദര്‍ശന്‍ – 80.9

ഡേവിഡ് വാര്‍ണര്‍/ജോണി ബെയര്‍‌സ്റ്റോ – 60.9

മായങ്ക് അഗര്‍വാള്‍/കെ.എല്‍ രാഹുല്‍ – 56.8

ഋതുരാജ് ഗെയ്ക്വാദ്/ ഡെവോണ്‍ കോണ്‍വേ – 54.9

വിരാട് കോഹ്ലി/ ഫാഫ് ഡു പ്ലെസിസ് – 51.1

ഇരുവര്‍ക്കും പുറമെ ഷാരൂഖ് ഖാന്‍ 29 പന്തില്‍ 57 റണ്‍സുമായി മികച്ച പ്രകടനം നടത്തി. ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 22 പന്തില്‍ 38 റണ്‍സും ജോസ് ബട്‌ലര്‍ 18 പന്തില്‍ 33 റണ്‍സും നേടി.

സൂപ്പര്‍ ജയന്റ്സിനായി വില്‍ ഒ റൂര്‍ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷ് ബദോണിയും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ആകാശ് സിങ്ങാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനായി മിച്ചല്‍ മാര്‍ഷ് വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി. 64 പന്തില്‍ എട്ട് സിക്സും പത്ത് ഫോറും അടക്കം 117 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പൂരന്‍ (27 പന്തില്‍ 56), എയ്ഡന്‍ മാര്‍ക്രം (24 പന്തില്‍ 36) എന്നിവരും മികച്ച പ്രകടനം നടത്തി. ക്യാപ്റ്റന്‍ റിഷബ് പന്ത് പുറത്താവാതെ ആറ് പന്തില്‍ 16 റണ്‍സും ചേര്‍ത്തു.

ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോറും അര്‍ഷദ് ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: GT vs LSG: Sai Sudarshan and Shubhman Gill has  best average for opening partnership in IPL history

We use cookies to give you the best possible experience. Learn more