നിലവില്‍ അവനേക്കാള്‍ മികച്ചതായി മറ്റാരുമില്ല, അയാള്‍ക്ക് നിങ്ങളുടെ രക്ഷകനാകാന്‍ കഴിയും: നവ്‌ജോത് സിങ് സിദ്ദു
2025 IPL
നിലവില്‍ അവനേക്കാള്‍ മികച്ചതായി മറ്റാരുമില്ല, അയാള്‍ക്ക് നിങ്ങളുടെ രക്ഷകനാകാന്‍ കഴിയും: നവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd May 2025, 9:01 am

ഐ.പി.എല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം.

അഭിമാന വിജയത്തിന് വേണ്ടി റിഷബ് പന്തിന്റെ ലഖ്‌നൗ കളത്തിലിറങ്ങുമ്പോള്‍ നേരത്തെ പ്ലേ ഓഫില്‍ ഇടം നേടിയ ഗുജറാത്ത് പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ലക്ഷ്യം വെക്കുന്നത്. ഗുജറാത്തിന് വേണ്ടി മിന്നും പ്രകടം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സായി സുദര്‍ശനാണ് മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. സീസണില്‍ അതി ഗംഭീരമായ ബാറ്റിങ്ങാണ് താരം കാഴ്ചവെക്കുന്നത്.

സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 617 റണ്‍സാണ് താരം അടിച്ചെടുത്തത്. 108* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം 56.9 എന്ന ശരാശരിയിലാണ് താരത്തിന്റെ പ്രകടനം. 157 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം അഞ്ച് അര്‍ധ സെഞ്ച്വറികളാണ് നേടിയത്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് ശേഷം സാങ്കേതികമായി മികവ് പുലര്‍ത്തുന്ന താരമാണ് സായി സുദര്‍ശനെന്ന് നവ്‌ജോത് പറഞ്ഞു. മാത്രമല്ല സീസണില്‍ താരത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുനില്‍ ഗവാസ്‌കറിന് ശേഷം സാങ്കേതികമായി ഏറ്റവും മികവ് പുലര്‍ത്തിയ ബാറ്റര്‍ സായ് സുദര്‍ശനാണ്. ഈ ഐ.പി.എല്‍ സീസണിലുടനീളം അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നുണ്ട്. ഒരു മത്സരത്തിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അവന്‍ സാങ്കേതികമായി കഴിവുള്ളവനാണ്, നിലവില്‍ അവനേക്കാള്‍ മികച്ചതായി മറ്റാരുമില്ല,’ നവ്‌ജോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മാത്രമല്ല ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. പരമ്പരയില്‍ സായിക്ക് അവസരം നല്‍കിയാല്‍ അവന് ഇന്ത്യയുടെ രക്ഷകനാകാന്‍ സാധിക്കുമെന്ന് സിദ്ദു പറഞ്ഞു. രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്ത് ഉംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ സായിക്ക് സാധിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഇംഗ്ലണ്ടിനെതിരെ ഒരു അവസരം നല്‍കിയാല്‍, അയാള്‍ക്ക് നിങ്ങളുടെ രക്ഷകനാകാന്‍ കഴിയും. രോഹിത് ശര്‍മയുടെ സ്ഥാനം ഏറ്റെടുത്ത് അദ്ദേഹം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യട്ടെ, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണിത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന്‍ സജ്ജനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2025: GT VS LSG: Navjot Singh Sidhu Praises Sai Sudharshan’s Performance