ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 236 റണ്‍സിന്റെ വിജയലക്ഷ്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോറിലെത്തിയത്.
സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ ലക്ഷ്യം സ്വന്തമാക്കിയത്. 64 പന്ത് നേരിട്ട് 117 റണ്‍സാണ് താരം അടിച്ചെടുത്തത്. പത്ത് ഫോറും ആകാശം തൊട്ട എട്ട് സിക്‌സറുമടക്കം 182.81 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ഈ ഇന്നിങ്‌സിന് പിന്നാലെ സീസണില്‍ 500 റണ്‍സ് മാര്‍ക് പിന്നിടാനും മാര്‍ഷിന് സാധിച്ചു. 12 ഇന്നിങ്‌സില്‍ നിന്നും 560 റണ്‍സാണ് മാര്‍ഷ് സ്വന്തമാക്കിയത്.
ഈ നേട്ടത്തിലെത്തുന്ന ആറാമത് മാത്രം ഓസ്‌ട്രേലിയന്‍ താരമാണ് മിച്ചല്‍ മാര്‍ഷ്. സഹോദരനായ ഷോണ്‍ മാര്‍ഷ്, മൈക്ക് ഹസി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെയ്ന്‍ വാട്‌സണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനൊപ്പം ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പട്ടികയിലും മാര്‍ഷ് ഇടം നേടി. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ഷോണ്‍ മാര്‍ഷാണ് ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഓസ്‌ട്രേലിയന്‍ താരം.
ഐ.പി.എല്ലില്‍ മിച്ചല്‍ മാര്‍ഷിന്റെ ആദ്യ സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റിലെ രണ്ടാം സെഞ്ച്വറിയുമാണിത്. നേരത്തെ ബിഗ് ബാഷ് ലീഗിലാണ് താരം സെഞ്ച്വറി നേടിയത്. 2021ല്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനായി ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.
മാര്‍ഷിന്റെ സെഞ്ച്വറിക്ക് പുറമെ അര്‍ധ സെഞ്ച്വറിയുമായി നിക്കോളാസ് പൂരനും മികച്ച പ്രകടനം പുറത്തെടുത്തു. 27 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. 207.67 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.