ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ കണ്ടത് ഒരു കൊടുങ്കാറ്റാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളര്‍മാരെ തെല്ലും വിലവെക്കാതെ വീശിയടിച്ച സായ്-ഗില്‍ കൊടുങ്കാറ്റ്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടിന്റെ ബലത്തില്‍ 198 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചെടുത്തത്.
13ാം ഓവറിലെ രണ്ടാം പന്തില്‍ സായ് സുദര്‍ശന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലൊതുങ്ങും മുമ്പേ 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 36 പന്ത് നേരിട്ട് 52 റണ്‍സുമായാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. ആന്ദ്രേ റസലാണ് വിക്കറ്റ് നേടിയത്.
ഇതിന് പിന്നാലെ പല റെക്കോഡ് നേട്ടങ്ങളും ഇരുവരും സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയതടക്കമുള്ള നേട്ടങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്.
സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി സായ് സുദര്‍ശന്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ഗില്‍ രണ്ടാം വിക്കറ്റില്‍ ബട്ലറിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് 198 റണ്‍സ് നേടി. ബട്‌ലര്‍ 23 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടി.
Content Highlight: IPL 2025: GT vs KKR: Sai Sudarshan and Shubman Gill enters the elite list of most century partnerships in IPL