ക്യാപിറ്റല്‍സിനെ തകര്‍ത്ത വെടിക്കെട്ട്; ചരിത്ര നേട്ടത്തില്‍ സായ് - ഗില്‍
IPL
ക്യാപിറ്റല്‍സിനെ തകര്‍ത്ത വെടിക്കെട്ട്; ചരിത്ര നേട്ടത്തില്‍ സായ് - ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th May 2025, 7:43 am

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് നേടിയെടുത്തത്.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടന്നു. വിജയിക്കാന്‍ ഏഴ് പന്തില്‍ ഒറ്റ റണ്‍സ് മാത്രം മതിയെന്നിരിക്കെ സായ് സുദര്‍ശന്‍ സിക്സറടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കെ.എല്‍ രാഹുലിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു. വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് തുടക്കത്തില്‍ ഒന്ന് റണ്‍സ് കണ്ടെത്താന്‍ പതറിയെങ്കിലും പിന്നീട് ട്രാക്കിലേക്ക് എത്തുകയായിരുന്നു.

ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 205 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ടീമിനെ വിജയ തീരമണിയിച്ചത്. ഈ കൂട്ടുകെട്ടോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഒരു ലോക റെക്കോഡിനൊപ്പം എത്താനാണ് ഇരുവര്‍ക്കുമായത്.

റണ്‍ ചെയ്സില്‍ ഓപ്പണിങ്ങില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്ന ലോകത്തെ രണ്ടാമത്തെ ജോഡിയാകാനാണ് സായ് – ഗില്‍ സഖ്യത്തിന് സാധിച്ചത്. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്റെ ഓപ്പണിങ് ജോഡിയായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും നേടിയ റെക്കോഡിനൊപ്പമാണ് ഇരുവരും എത്തിയത്.

ടി – 20യില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിന്തുടര്‍ന്ന ഏറ്റവും ഉയര്‍ന്ന ലക്ഷ്യം

(വിജയലക്ഷ്യം – ടീം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

200 – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് – ദല്‍ഹി – 2025*

200 – പാകിസ്ഥാന്‍ – ഇംഗ്ലണ്ട് – കറാച്ചി – 2022

184 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ഗുജറാത്ത് ടൈറ്റന്‍സ് – രാജ്‌കോട്ട് – 2017

179 – ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് – ദുബായ് – 2020

178 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ – 2021

മത്സരത്തില്‍ സായ് സുദര്‍ശന്‍ 61 പന്തില്‍ നാല് സിക്സും 12 ഫോറും അടക്കം 108 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഗില്ലിന് സെഞ്ച്വറിയോളം പോന്ന 93 റണ്‍സും നേടാന്‍ സാധിച്ചു.

അതേസമയം, ക്യാപിറ്റല്‍സ് നിരയില്‍ കെ.എല്‍ രാഹുലും സെഞ്ച്വറിയുമായി തിളങ്ങി. 65 പന്തില്‍ നാല് സിക്സും 14 ഫോറും ഉള്‍പ്പെടെ 112 റണ്‍സെടുത്താണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സര്‍ പട്ടേല്‍ (16 പന്തില്‍ 25), ട്രിസ്റ്റാന്‍ സ്റ്റബ്‌സ് (10 പന്തില്‍ 21) എന്നിവരും ടീമിന്റെ സ്‌കോറില്‍ മുതല്‍ക്കൂട്ടായി.

ഗുജറാത്തിനായി അര്‍ഷദ് ഖാന്‍, പ്രസീദ്ധ് കൃഷണ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ വിജയത്തിന് പിന്നാലെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു. ടൈറ്റന്‍സ് മാത്രമല്ല, ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫിന് യോഗ്യത ഉറപ്പിച്ചു.

Content Highlight: IPL 2025: GT vs DC: Sai Sudharsan and Shubhman Gill Equal World Record With 200-Run Opening Stand