| Sunday, 18th May 2025, 10:26 pm

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു താരം ഇതാദ്യം; സെഞ്ച്വറി ശീലമാക്കിയ വിരാടിനോ ബട്‌ലറിനോ ഗെയ്‌ലിനോ സാധിക്കാത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200 റണ്‍സ് വിജയലക്ഷ്യവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

65 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് രാഹുല്‍ നേടിയത്. 14 ഫോറും നാല് സിക്‌സറും അടക്കം 172.31 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ബാറ്റ് വീശിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഐ.പി.എല്ലില്‍ മറ്റൊരു താരത്തിനുമില്ലാത്ത ചരിത്ര നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വിവിധ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് വേണ്ടിയാണ് ഇതിന് മുമ്പ് രാഹുലിന്റെ ബാറ്റ് ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്‍ കരിയറില്‍ രാഹുലിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എല്ലിലെ സെഞ്ച്വറി വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും രാഹുലിന് സാധിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 255 – 8

ജോസ് ബട്‌ലര്‍ – 117 – 7

ക്രിസ് ഗെയ്ല്‍ – 141 – 6

കെ.എല്‍. രാഹുല്‍ – 134 – 5*

ശുഭ്മന്‍ ഗില്‍ – 112 – 4

ഷെയ്ന്‍ വാട്‌സണ്‍ – 141 – 4

ഡേവിഡ് വാര്‍ണര്‍ – 184 – 4

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് ഫാഫ് ഡു പ്ലെസിയെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ ഓരോ താരത്തിനൊപ്പവും രാഹുല്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

രണ്ടാം വിക്കറ്റില്‍ രാഹുലും അഭിഷേക് പോരലും ചേര്‍ന്ന് 90 റണ്‍സാണ് ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്‌സിലേക്ക് ചേര്‍ത്തുവെച്ചത്. ടീം സ്‌കോര്‍ 16ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 106ല്‍ നില്‍ക്കവെയാണ് തകരുന്നത്. 19 പന്തില്‍ 30 റണ്‍സ് നേടിയ പോരലിനെ മടക്കി രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്.

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 16 പന്തില്‍ 25 റണ്‍സ് നേടി മടങ്ങി. ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെയായിരുന്നു അക്‌സര്‍ മടങ്ങുന്നത്.

പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും (പത്ത് പന്തില്‍ 21) രാഹുലും ചേര്‍ന്ന് ക്യാപ്പിറ്റല്‍സിനെ 199ലെത്തിച്ചു.

ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, രവിശ്രിനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: IPL 2025: GT vs DC: KL Rahul becomes the first batter in the history to hit centuries for 3 different teams

We use cookies to give you the best possible experience. Learn more