ടൈറ്റന്‍സ് ജയിച്ചാല്‍ ഒറ്റയടിക്ക് മൂന്ന് ടീമിന്റെ തലവര മാറും! വലിയ ലക്ഷ്യത്തിലേക്ക് ദല്‍ഹിയും ഗുജറാത്തും
IPL
ടൈറ്റന്‍സ് ജയിച്ചാല്‍ ഒറ്റയടിക്ക് മൂന്ന് ടീമിന്റെ തലവര മാറും! വലിയ ലക്ഷ്യത്തിലേക്ക് ദല്‍ഹിയും ഗുജറാത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th May 2025, 8:10 pm

ഐ.പി.എല്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ഗുജറാത്ത് ടൈറ്റന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയതോടെ ഈ മത്സരത്തിന്റെ ജയപരാജയങ്ങള്‍ കണക്കിലെടുത്ത് പല ടീമുകളുടെയും പ്ലേ ഓഫ് പ്രവേശനം സാധ്യമാകും.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് വെന്നിക്കൊടി പാറിച്ചാല്‍ ഗുജറാത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും പഞ്ചാബ് കിങ്‌സിനും പ്ലേ ഓഫില്‍ പ്രവേശിക്കാം.

ക്യാപ്പിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കിയാല്‍ 18 പോയിന്റുമായി ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തെത്തും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്ന്, രണ്ട് സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സിനും പഞ്ചാബ് കിങ്‌സിനും 17 പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് ആര്‍.സി.ബി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

 

എന്നാല്‍ ക്യാപ്പിറ്റല്‍സാണ് വിജയിക്കുന്നതെങ്കില്‍ ടൈറ്റന്‍സ് മൂന്നാം സ്ഥാനത്ത് തുടരുകയും, മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം സ്ഥാനത്തേക്ക് തള്ളിയിട്ട് ക്യാപ്പിറ്റല്‍സ് ടോപ്പ് ഫോറില്‍ ഇടം നേടുകയും ചെയ്യും.

അതേസമയം, ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്‌സിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയിലാണ്. 11 പന്തില്‍ പത്ത് റണ്‍സുമായി കെ.എല്‍. രാഹുലും മൂന്ന് പന്തില്‍ ഒരു റണ്‍സുമായി അഭിഷേക് പോരലുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, ടി. നടരാജന്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, കഗീസോ റബാദ, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IPL 2025: GT vs DC: Gujarat Titans won the toss and elect to field first