ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പടുകൂറ്റന്‍ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടന്നു. വിജയിക്കാന്‍ ഏഴ് പന്തില്‍ ഒറ്റ റണ്‍സ് മാത്രം മതിയെന്നിരിക്കെ സായ് സുദര്‍ശന്‍ സിക്‌സറടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഈ വിജയത്തിന് പിന്നാലെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു. ടൈറ്റന്‍സ് മാത്രമല്ല, ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും പ്ലേ ഓഫിന് യോഗ്യത ഉറപ്പിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് ഫാഫ് ഡു പ്ലെസിയെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ ഓരോ താരത്തിനൊപ്പവും രാഹുല്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.
പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും ടേബിള്‍ ടോപ്പേഴ്‌സായി നോക്ക്ഔട്ട് മത്സരങ്ങളിലേക്ക് കടക്കുക എന്നതായിരിക്കും ടൈറ്റന്‍സിന്റെ ലക്ഷ്യം. നിലവില്‍ 12 മത്സരത്തില്‍ നിന്നും 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടിലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് എതിരാളികള്‍.