ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. അഞ്ച് വട്ടം കിരീടം നേടിയിട്ടുള്ള ടീം ഈ സീസണില്‍ മോശം ഫോമിലാണ്. നിലവില്‍ എട്ട് മത്സരങ്ങളില്‍ വെറും രണ്ട് ജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നാല് പോയിന്റ് മാത്രമുള്ള ചെന്നൈ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരാണ്.
ഏറെ പ്രതീക്ഷയോടെ ടീമില്‍ ഉള്‍പ്പെടുത്തിയവര്‍ നിറം മങ്ങിയതും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ കഴിയാത്തതുമാണ് ചെന്നൈയ്ക്ക് തലവേദനയാവുന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായതും ടീമിന് തിരിച്ചടിയായിട്ടുണ്ട്.
ഇപ്പോള്‍ ടീമിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരവും ഇന്ത്യന്‍ താരവുമായ സുരേഷ് റെയ്‌ന. നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുര്‍ബലമായ സി.എസ്.കെ ടീമാണിപ്പോള്‍ ഉള്ളതെന്നും അവര്‍ക്ക് ജയിക്കാനുള്ള ആഗ്രഹമില്ലെന്നും റെയ്‌ന പറഞ്ഞു.
സി.എസ്.കെ കളിച്ചിരുന്ന ക്രിക്കറ്റ് ബ്രാന്‍ഡ് ഇപ്പോള്‍ നിലവിലില്ലെന്ന് പറഞ്ഞ താരം ടീം സെലക്ഷനില്‍ വരുത്തിയ തെറ്റുകളെയും എടുത്തു കാണിച്ചു. താന്‍ ടീമിലുണ്ടായിരുന്നപ്പോള്‍ പന്തുകള്‍ പാഴാക്കാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും സ്‌ട്രൈക്ക് റോട്ടേറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ച് സുരേഷ് റെയ്‌ന പറഞ്ഞത്
‘തീര്‍ച്ചയായും അതെ, നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുര്‍ബലമായ സി.എസ്.കെ ടീമാണിത്. അവര്‍ക്കിപ്പോള്‍ ജയിക്കാനുള്ള ആഗ്രഹമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ടീമില്‍ അതിന്റെ ഒരു അഭാവമുണ്ട്. ആരോടും അനാദരവ് കാണിക്കുന്നില്ല, പക്ഷേ സി.എസ്.കെ കളിച്ചിരുന്ന ക്രിക്കറ്റ് ബ്രാന്‍ഡ് ഇപ്പോള്‍ നിലവിലില്ല.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെ നോക്കൂ. ഉദാഹരണത്തിന്, ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സായ് സുദര്‍ശന്‍, ഗുജറാത്തില്‍ തന്നെ കളിക്കുന്ന സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവരെപ്പോലുള്ളവരെ നോക്കൂ. പ്രാദേശിക പ്രതിഭകളെ ടീമില്‍ കൊണ്ടുവരേണ്ടതുണ്ട്.
ഞങ്ങള്‍ വിജയിച്ചപ്പോള്‍, മുരളി വിജയ്, എല്‍. ബാലാജി, ബദരീനാഥ് എന്നിവരെപ്പോലുള്ളവര്‍ നമുക്കുണ്ടായിരുന്നു. വിജയത്തിനായി ആ പ്രാദേശിക സ്വഭാവം കൊണ്ടുവരേണ്ടത് നിര്‍ണായകമാണ്.
ഞങ്ങള്‍ ചെന്നൈയില്‍ കളിച്ചപ്പോള്‍, പന്തുകള്‍ പാഴാക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകരമാകുന്ന സ്‌ട്രൈക്ക് റോട്ടേറ്റിങ്ങില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഞങ്ങള്‍ ആദ്യ ഓവറുകളില്‍ റണ്‍സ് നേടുകയെന്ന ഉദ്ദേശത്തോടെയാണ് കളിച്ചിരുന്നത്.
ഡെത്ത് ഓവറുകളില്‍, എം.എസ്. ധോണി, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയ കളിക്കാര്‍ കാമിയോ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഈ സന്തുലിതാവസ്ഥ ഞങ്ങളുടെ വിജയത്തിന് നിര്‍ണായകമായിരുന്നു,’ റെയ്‌ന പറഞ്ഞു.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് എം.എസ് ധോണിയാണ്. താരത്തിന്റെ കീഴില്‍ സീസണില്‍ ബാക്കിയുള്ള സൂപ്പര്‍ കിങ്സ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും വിജയ വഴിയില്‍ തിരിച്ചെത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.