| Tuesday, 3rd June 2025, 10:26 pm

ഒരൊറ്റ ഫിഫ്റ്റി പോലും പിറക്കാതെ ആര്‍.സി.ബി തിരുത്തിയത് ഐ.പി.എല്ലിന്റെ ചരിത്രം; എന്നാല്‍ കിരീടത്തിന് ഇത് മതിയോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 190 റണ്‍സിന്റെ ടോട്ടലുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ആര്‍.സി.ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

35 പന്ത് നേരിട്ട് 43 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ആര്‍.സി.ബി നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് ഫോറാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് പന്തില്‍ 16 റണ്‍സുമായി നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ യൂസി ചഹല്‍ അഗര്‍വാളിനെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് മടക്കി. 18 പന്ത് നേരിട്ട് 24 റണ്‍സുമായാണ് അഗര്‍വാള്‍ മടങ്ങിയത്.

ശേഷമെത്തിയ രജത് പാടിദാര്‍ 16 പന്തില്‍ 26 റണ്‍സ് നേടിയും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പര്‍ഹാന്‍ഡ് ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തി.

ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (പത്ത് പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (ഒമ്പത് പന്തില്‍ 17) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 190ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇതോടെ ഒരു റെക്കോഡും റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരില്‍ പിറന്നു. ഐ.പി.എല്‍ പ്ലേ ഓഫിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ടീമിലെ ആദ്യ ഏഴ് താരങ്ങളും ഏറ്റവും ചുരുങ്ങിയത് 15 റണ്‍സ് കണ്ടെത്തുന്നത്.

ഫില്‍ സാള്‍ട്ട് – 16
വിരാട് കോഹ്‌ലി – 43
മായങ്ക് അഗര്‍വാള്‍ – 24
രജത് പാടിദാര്‍ – 26
ലിയാം ലിവിങ്സ്റ്റണ്‍ – 25
ജിതേഷ് ശര്‍മ – 24
റൊമാരിയോ ഷെപ്പേര്‍ഡ് – 17 – എന്നിങ്ങനെയായിരുന്നും താരങ്ങളുടെ പ്രകടനം.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമൈസണും മൂന്ന് വിക്കറ്റ് വീതം നേടി. വൈശാഖ് വിജയ് കുമാര്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വന്ദ്രേ ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 എന്ന നിലയിലാണ്. 19 പന്തില്‍ 24 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 12 പന്തില്‍ 15 റണ്‍സുമായി പ്രഭ്‌സിമ്രാനും അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി ജോഷ് ഇംഗ്ലീസുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL  2025: Final: PBKS vs RCB: For the first time IPL Playoffs All Top 7 batters Scored at least 15 runs

സ്റ്റാറ്റ്‌സ്: ഷെബാസ്‌

We use cookies to give you the best possible experience. Learn more