ഐ.പി.എല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് പള്‍ട്ടാന്‍സ് മുമ്പോട്ട് കുതിച്ചത്.
മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
Next stop: Qualifier 2️⃣ 😍@mipaltan are all set to meet the @PunjabKingsIPL for a ticket to glory 🎟
രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെയാണ് മുംബൈയ്ക്ക് ഇനി നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റണ്‍സ് നേടിയാണ് രോഹിത് ശര്‍മയും ജോണി ബെയര്‍സ്‌റ്റോയും ടൈറ്റന്‍സ് ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറിയത്.
ടീം സ്‌കോര്‍ 84ല്‍ നില്‍ക്കവെ ബെയര്‍സ്‌റ്റോയെ മടക്കി സായ് കിഷോര്‍ ബ്രേക് ത്രൂ സമ്മാനിച്ചു. 22 പന്തില്‍ 47 റണ്‍സടിച്ചാണ് ബെയര്‍സ്റ്റോ മടങ്ങിയത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 213.66 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രോഹിത് രണ്ടാം വിക്കറ്റില്‍ സൂര്യകുമാറിനൊപ്പവും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒരു വശത്ത് നിന്ന് രോഹിത്തും മറുവശത്ത് നിന്ന് സൂര്യയും ജി.ടി ബൗളര്‍മാരെ പ്രഹരിച്ചു.
സ്‌കോര്‍ ബോര്‍ഡില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ സൂര്യയുടെ വിക്കറ്റും സായ് കിഷോര്‍ സ്വന്തമാക്കി. 20 പന്തില്‍ 33 റണ്‍സടിച്ചാണ് സ്‌കൈ മടങ്ങിയത്.
ടീം സ്‌കോര്‍ 186ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി രോഹിത്തും പുറത്തായി. 50 പന്തില്‍ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെയടക്കം രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയ ഹിറ്റ്മാന്‍ അവസരം മുതലാക്കുകയും ചെയ്തു.
തിലക് വര്‍മ 11 പന്തില്‍ 25 റണ്‍സുമായി തന്റെ സംഭാവന സ്‌കോര്‍ ബോര്‍ഡിന് നല്‍കി.
ജെറാള്‍ഡ് കോട്‌സിയയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് കൂറ്റന്‍ സിക്‌സറുള്‍പ്പടെ ഒമ്പത് പന്തില്‍ പുറത്താകാതെ 22 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മുംബൈ നിരയില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കം പാളി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മടക്കി ട്രെന്റ് ബോള്‍ട്ട് തന്റെ മാജിക് പുറത്തെടുത്തു. രണ്ട് പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്. റിവ്യൂ എടുത്തെങ്കിലും മൂന്നാം അമ്പയര്‍ മുംബൈയ്ക്ക് അനുകൂലമായി വിധിയെഴുതി.
ജോസ് ബട്‌ലറിന് പകരക്കാരനായെത്തിയ കുശാല്‍ മെന്‍ഡിസ് ക്ലാസിക് ഷോട്ടുകളുമായി തിളങ്ങിയെങ്കിലും ആ ഇന്നിങ്‌സിന് അധികം ആയുസുണ്ടായിരുന്നില്ല. പത്ത് പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഹിറ്റ് വിക്കറ്റായി ലങ്കന്‍ താരം മടങ്ങി.
നാലാമനായെത്തിയ വാഷിങ്ടണ്‍ സുന്ദറിനെ ഒപ്പം കൂട്ടി സായ് സുദര്‍ശന്‍ തകര്‍ത്തടിച്ചു. മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ ഒന്നടങ്കം പരീക്ഷിച്ച് സായ്-സുന്ദര്‍ കൂട്ടുകെട്ട് ടൈറ്റന്‍സിനെ വീണ്ടും മത്സരത്തിലേക്ക് കൈ പിടിച്ചുനടത്തി.
14ാം ഓവറിലെ നാലാം പന്തില്‍, ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെ വാഷിങ്ടണ്ണിനെ മടക്കി ബുംറ രക്തം ചിന്തി. അളന്നുമുറിച്ച് ബുംറ തൊടുത്തുവിട്ട യോര്‍ക്കറിന് മുമ്പില്‍ കീഴടങ്ങാന്‍ മാത്രമേ സുന്ദറിന് സാധിച്ചിരുന്നുള്ളൂ. 24 പന്തില്‍ 48 റണ്‍സടിച്ചാണ് സുന്ദര്‍ പുറത്തായത്.
ഇംപാക്ട് പ്ലെയറായെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിനൊപ്പം വീണ്ടും മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനൊരുങ്ങിയ സായ് സുദര്‍ശനെ മടക്കി റിച്ചാര്‍ഡ് ഗ്ലീസണ്‍ ടൈറ്റന്‍സ് ക്യാമ്പിനെ മൂകതയിലേക്ക് തള്ളിയിട്ടു. 49 പന്തില്‍ 80 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിക്കവെയാണ് താരം മടങ്ങിയത്.
റിച്ചാര്‍ഡ് ഗ്ലീസണെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ടൈറ്റന്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഗ്ലീസണ്‍ കളം വിട്ടു. ശേഷിച്ച മൂന്ന് പന്തെറിയാനെത്തിയ അശ്വിനി കുമാര്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ പന്തെറിഞ്ഞു. രു വിക്കറ്റും സ്വന്തമാക്കി.
ഇതോടെ മുംബൈ 20 റണ്‍സിന്റെ മികച്ച വിജയവും സ്വന്തമാക്കി. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, അശ്വിനി കുമാര്‍, മിച്ചല്‍ സാന്റ്‌നര്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IPL 2025: Eliminator: Mumbai Indians defeated Gujarat Titans and advance to Qualifier 2