ഐ.പി.എല്‍ 2025ന്റെ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 229 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
50 പന്തില്‍ നിന്നും നാല് സിക്‌സറും ഒമ്പത് ഫോറുമടക്കം 81 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. 162.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
Innings break!
A spectacular batting performance from @mipaltan as they post 228/5 in the #Eliminator🔥
രോഹിത്തിന് പുറമെ 22 പന്തില്‍ 47 റണ്‍സടിച്ച ജോണി ബെയര്‍സ്‌റ്റോയും 20 പന്തില്‍ 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും പള്‍ട്ടാന്‍സ് നിരയില്‍ നിര്‍ണായകമായി.
എലിമിനേറ്ററിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ 25+ റണ്‍സ് നേടുന്ന താരമെന്ന സ്വന്തം റെക്കോഡാണ് സ്‌കൈ തിരുത്തിയത്. തുടര്‍ച്ചയായ 15ാം മത്സരത്തിലാണ് സ്‌കൈ 25+ സ്‌കോര്‍ സ്വന്തമാക്കുന്നത്.
സീസണില്‍ കളിച്ച എല്ലാ മത്സരത്തിലും സൂര്യ 25+ റണ്‍സ് അടിച്ചെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് കിങ്‌സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കിയത്. പ്രോട്ടിയാസ് സൂപ്പര്‍ താരം തെംബ ബാവുമയെ മറികടന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ നേട്ടം.
അതേസമയം മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയിലാണ്. രണ്ട് പന്തില്‍ ഒരു റണ്ണടിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ടൈറ്റന്‍സിന് തുടക്കത്തിലേ നഷ്ടമായത്.