ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.
ന്യൂ ചണ്ഡിഗഢ്, മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹര്‍ദിക്കും സംഘവും ടൈറ്റന്‍സിനെ തകര്‍ത്തുവിട്ടത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടക്കത്തിലേ മടങ്ങിയതും ജോസ് ബട്‌ലറിന് പകരക്കാരനായെത്തിയ കുശാല്‍ മെന്‍ഡിസിന് തിളങ്ങാന്‍ സാധിക്കാതെ പോയതും ടൈറ്റന്‍സിന്റെ പരാജയ കാരണമായി അടയാളപ്പെടുത്തപ്പെട്ടു. ഗില്‍ രണ്ട് പന്തില്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ പത്ത് പന്തില്‍ 20 റണ്‍സടിച്ചാണ് മെന്‍ഡിസ് മടങ്ങിയത്.
ഗില്ലിനെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിന് മുമ്പില്‍ കുടുക്കിയപ്പോള്‍ ഹിറ്റ് വിക്കറ്റായാണ് മെന്‍ഡിസ് പുറത്തായത്.
മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഡീപ് മിഡ്‌വിക്കറ്റിലേക്ക് ഷോട്ട് കളിക്കാനായിരുന്നു മെന്‍ഡിസിന്റെ ശ്രമം. എന്നാല്‍ ഷോട്ട് കൃത്യമായി കണക്ട് ചെയ്‌തെങ്കിലും മെന്‍ഡിസിനെ തന്റെ കാല് ചതിക്കുകയായിരുന്നു. ബാക്ക് ഫൂട്ടിലേക്കിറങ്ങി സാന്റ്‌നറിനെ പ്രഹരിക്കാനുറച്ച മെന്‍ഡിസിന് പിഴച്ചതോടെ ഹിറ്റ് വിക്കറ്റായി മടങ്ങി.
ഇതോടെ രണ്ട് മോശം റെക്കോഡുകളാണ് ലങ്കന്‍ സൂപ്പര്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഹിറ്റ് വിക്കറ്റായി മടങ്ങുന്ന ആദ്യ താരമെന്ന മോശം റെക്കോഡിലും ഐ.പി.എല്‍ പ്ലേ ഓഫില്‍ ഹിറ്റ് വിക്കറ്റായി മടങ്ങുന്ന ആദ്യ താരമെന്ന അനാവശ്യ നേട്ടത്തിലുമാണ് മെന്‍ഡിസ് തന്റെ പേരെഴുതിച്ചേര്‍ത്തത്.
ഐ.പി.എല്‍ പ്ലേ ഓഫില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ വിദേശ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ അതേ മത്സരത്തില്‍ തന്നെയാണ് മെന്‍ഡിസ് ഈ രണ്ട് മോശം റെക്കോഡുകള്‍ക്കും ഉടമയായത് എന്നതും ശ്രദ്ധേയമാണ്.
ഇതിനൊപ്പം ഐ.പി.എല്‍ കളിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലും താരം ഇടം നേടിയിരുന്നു. നാലാമനായാണ് മെന്‍ഡിസ് ഈ ലിസ്റ്റിന്റെ ഭാഗമായത്. കുമാര്‍ സംഗക്കാര, കുശാല്‍ പെരേര, ഭാനുക രാജപക്സെ എന്നിവരാണ് ഇതിന് മുമ്പ് ഐ.പി.എല്‍ കളിച്ച ലങ്കന്‍ വിക്കറ്റ് കീപ്പര്‍മാര്‍.