അരങ്ങേറ്റം... ചരിത്രം... അതും പ്ലേ ഓഫില്‍! പോരിനിറങ്ങി ടൈറ്റന്‍സ്
IPL
അരങ്ങേറ്റം... ചരിത്രം... അതും പ്ലേ ഓഫില്‍! പോരിനിറങ്ങി ടൈറ്റന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th May 2025, 8:09 pm

ഐ.പി.എല്‍ 2025ന്റെ എലിമിനേറ്റര്‍ മത്സരം ന്യൂ ചണ്ഡിഗഡില്‍ ആരംഭിച്ചിരിക്കുകയാണ്. മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും പരാജയപ്പെടുന്നവര്‍ പുറത്താവുകയും ചെയ്യും എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.

പല മറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയരിക്കുന്നത്. നാഷണല്‍ ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ പല ഇംഗ്ലണ്ട് താരങ്ങളും കളിക്കുന്നില്ല.

ഇത്തരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിനും എലിമിനേറ്റര്‍ മത്സരം നഷ്ടപ്പെട്ടിരിക്കുകയാണ്. ടൈറ്റന്‍സ് ബാറ്റിങ് യൂണിറ്റിലെ പ്രധാനികളിലൊരാളായ ബട്‌ലര്‍ നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമാണ്.

ബട്‌ലറിന് പകരക്കാരനായി ശ്രീലങ്കന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കുശാല്‍ മെന്‍ഡിസിനെയാണ് ടൈറ്റന്‍സ് കളത്തിലിറക്കിയിരിക്കുന്നത്. മെന്‍ഡിസിന്റെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് കൂടിയാണ് എലിമിനേറ്റര്‍ മത്സരം സാക്ഷ്യം വഹിക്കുന്നത്.

ഇതോടെ ഒരു ചരിത്ര റെക്കോഡും മെന്‍ഡിസിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലേ ഓഫില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ വിദേശ താരമെന്ന നേട്ടമാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.

ഇതിനൊപ്പം ഐ.പി.എല്‍ കളിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലും താരം ഇടം നേടി. നാലാമനായാണ് മെന്‍ഡിസ് ഈ ലിസ്റ്റിന്റെ ഭാഗമായത്. കുമാര്‍ സംഗക്കാര, കുശാല്‍ പെരേര, ഭാനുക രാജപക്‌സെ എന്നിവരാണ് ഇതിന് മുമ്പ് ഐ.പി.എല്‍ കളിച്ച ലങ്കന്‍ വിക്കറ്റ് കീപ്പര്‍മാര്‍.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 65 റണ്‍സ് എന്ന നിലയിലാണ്. 17 പന്തില്‍ 44 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും 13 പന്തില്‍ 19 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റിച്ചാര്‍ഡ് ഗ്ലീസണ്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IPL 2025: Eliminator: GT vs MI: Kusal Mendis becomes the first overseas player in IPL history to make IPL debut in the playoffs.