ഇവന്‍ വന്നാല്‍ സംഗതി കളറാകുമെന്ന് അന്നേ പറഞ്ഞതല്ലേ... അരങ്ങേറ്റത്തില്‍ തിരുത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രം
IPL
ഇവന്‍ വന്നാല്‍ സംഗതി കളറാകുമെന്ന് അന്നേ പറഞ്ഞതല്ലേ... അരങ്ങേറ്റത്തില്‍ തിരുത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th May 2025, 8:55 pm

ഐ.പി.എല്‍ 2025ന്റെ എലിമിനേറ്റര്‍ മത്സരം ന്യൂ ചണ്ഡിഗഡില്‍ നടക്കുകയാണ്. മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും പരാജയപ്പെടുന്നവര്‍ പുറത്താവുകയും ചെയ്യും എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.

വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. ബെയര്‍‌സ്റ്റോയുടെ മുംബൈ അരങ്ങേറ്റത്തിന് കൂടിയാണ് എലിമിനേറ്റര്‍ സാക്ഷ്യം വഹിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 79 റണ്‍സാണ് ടീം അടിച്ചെടുത്തത്. ഇതില്‍ സിംഹഭാഗവും ഇംഗ്ലണ്ട് കരുത്തന്റെ ബാറ്റില്‍ നിന്നുതന്നെയായിരുന്നു.

ടീം സ്‌കോര്‍ 84ല്‍ നില്‍ക്കവെയാണ് മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി സായ് കിഷോറാണ് ടൈറ്റന്‍സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 22 പന്തില്‍ 47 റണ്‍സുമായി നില്‍ക്കവെ സായ് സുദര്‍ശന്റെയും ജെറാള്‍ഡ് കോട്‌സിയയുടെയും കംബൈന്‍ഡ് എഫേര്‍ട്ടിലൂടെയാണ് താരം മടങ്ങിയത്.

എന്നാല്‍ പുറത്താകും മുമ്പേ ഒരു തകര്‍പ്പന്‍ റെക്കോഡുമായാണ് ബെയര്‍‌സ്റ്റോ തിളങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരമെന്ന റെക്കോഡാണ് ബെയര്‍സ്‌റ്റോ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം

(താരം – എതിരാളികള്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ജോണി ബെയര്‍സ്‌റ്റോ – 213.64 – ഗുജറാത്ത് ടൈറ്റന്‍സ് – 2025*

അംബാട്ടി റായിഡു – 166.67 – രാജസ്ഥാന്‍ റോയല്‍സ് – 2010

യുവരാജ് സിങ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 151.43 – 2019

വിഷ്ണു വിനോദ് – ഗുജറാത്ത് ടൈറ്റന്‍സ് – 150.00 – 2023

*ചുരുങ്ങിയത് 30 റണ്‍സ്

അതേസമയം, ബെയര്‍സ്‌റ്റോ പുറത്തായതിന് ശേഷവും രോഹിത് തന്റെ താണ്ഡവം തുടരുകയാണ്. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനെ ഒപ്പം കൂട്ടിയാണ് ഹിറ്റ്മാന്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്. ആദ്യ വിക്കറ്റില്‍ ബെയര്‍സ്‌റ്റോക്കൊപ്പം അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുണ്ടാക്കിയ രോഹിത് രണ്ടാം വിക്കറ്റില്‍ സൂര്യക്കൊപ്പവും ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പ് പൂര്‍ത്തിയാക്കി.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയിലാണ് മുംബൈ. സായ് കിഷോറിന്റെ ഓവറിലെ അവസാന പന്തില്‍ സൂര്യകുമാറിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 20 പന്തില്‍ 32 റണ്ണടിച്ചാണ് താരം മടങ്ങിയത്. 36 പന്തില്‍ 60 റണ്‍സുമായി രോഹിത് ശര്‍മയാണ് നലിവില്‍ ക്രീസിലുള്ളത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റിച്ചാര്‍ഡ് ഗ്ലീസണ്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IPL 2025: Eliminator: GT vs MI: Johnny Bairstow set the record of highest strike rate for a batter on Mumbai Indians IPL debut