ഐ.പി.എല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം (മെയ് 9) ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി ബി.സി.സി.ഐ അറിയിച്ചിരുന്നു.
താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ദി ക്രിക്കറ്റ്ര്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി (ബി.സി.സി.ഐ) ഇ.സി.ബി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദി ക്രിക്കറ്റ്ര്‍ ഡോട്ട് കോമിനെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്തു.
’10 ടീമുകളുടെ ടൂര്‍ണമെന്റ് ഒരു ആഴ്ചത്തേക്ക് നിര്‍ത്തിവച്ചതിന് ശേഷം, ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ദി ക്രിക്കറ്ററിന് അറിയാന്‍ സാധിച്ചു,’ ദി ക്രിക്കറ്ററിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ പറഞ്ഞു.
നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഇന്ത്യ – പാക് സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ യു.കെയില്‍ നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ടൂര്‍ണമെന്റിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാല്‍ ഇന്ത്യന്‍ ടീമിന് അവിടെ തന്നെ തുടരാമെന്നും വോണ്‍ നിര്‍ദേശിച്ചിരുന്നു.
I wonder if it’s possible to finish the IPL in the UK .. We have all the venues and the Indian players can then stay on for the Test series .. Just a thought ?
അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlight: IPL 2025: ECB offers to host remainder of IPL 2025: Reports