ഓസ്‌ട്രേലിയക്കാരന് പകരം ബംഗ്ലാദേശിന്റെ പടക്കുതിര; വമ്പന്‍ മാറ്റത്തിനൊരുങ്ങി ദല്‍ഹി
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ മെയ് 17ന് (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ പലരും തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നടത്തിക്കൊണ്ട് ഐ.പി.എല്‍ പുനരാരംഭിക്കുന്നതോടെ വിദേശ താരകങ്ങളില്‍ പലരും തിരിച്ചെത്തുന്നുണ്ട്.
ഇപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ ജേക്ക് ഫ്രേസര്‍ മഗ്കര്‍ക്കും ടീമില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. പകരമായി ബംഗ്ലാദേശിന്റെ ഇടംകൈന്‍ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്മാനെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്. ആറു കോടി രൂപയ്ക്കാണ് മുസ്തഫിസൂറിനെ ദല്‍ഹി ഒപ്പിട്ടത്.

ഒമ്പത് കോടിക്ക് ദല്‍ഹി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ താരം ജേക്ക് സീസണില്‍ ആറ് മത്സരത്തില്‍ നിന്നും 9.17 ശരാശരിയില്‍ 55 റണ്‍സ് മാത്രമാണ് നേടിയത്. അതില്‍ 38 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് താരത്തിന് രേഖപ്പെടുത്താന്‍ സാധിച്ചത്. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തിന് പകരം ബൗളിങ് ശക്തിപ്പെടുത്താനാണ് ദല്‍ഹി ലക്ഷ്യമിടുന്നത്.
നിലവില്‍ ഐ.പി.എല്ലില്‍ 57 മത്സരങ്ങള്‍ കളിച്ച മുസ്തഫിസൂര്‍ 61 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 4/29 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 28.89 എന്ന ആവറേജും 8.14 എന്ന എക്കോണമിയിലുമാണ് താരം ബൗള്‍ ചെയ്തത്.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 6 വിജയവും 4 തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റ് സ്വന്തമാക്കി അഞ്ചാം സ്ഥാനത്താണ് ദല്‍ഹി. പ്ലെയര്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ വരും മത്സരങ്ങളില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ടീം കളത്തില്‍ ഇറങ്ങുന്നത്. മെയ് 18ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ദല്‍ഹിയുടെ അടുത്ത മത്സരം.
Content Highlight: IPL 2025: Delhi Capitals sign Mustafizur Rahman