ഇത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഷോട്ട്; വമ്പന്‍ തെരഞ്ഞെടുപ്പുമായി ഡിവില്ലിയേഴ്‌സ്
IPL
ഇത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഷോട്ട്; വമ്പന്‍ തെരഞ്ഞെടുപ്പുമായി ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd June 2025, 8:07 am

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങും.

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനലിന് യോഗ്യത നേടിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.

മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ബുംറയുടെ പെര്‍ഫക്ട യോര്‍ക്കര്‍ മിഡില്‍ സ്റ്റംപിന് മുന്നില്‍ നിന്ന് അയ്യര്‍ തേഡ്മാനിലേക്ക് കട്ട് ചെയ്ത് ഫോര്‍ നേടിയിരുന്നു. അത്തരമൊരു പെര്‍ഫക്ട് യോര്‍ക്കര്‍ കളിച്ച് ബൗണ്ടറിനേടിയ അയ്യരിനെ പല സീനിയര്‍ താരങ്ങളും പ്രശംസിച്ചിരുന്നു.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയിലെത്തിച്ച അയ്യരിന്റെ ഷോട്ട് ഐ.പി.എല്ലിലെ മികച്ച ഷോട്ടാണെന്ന് പറയുകയാണ് മുന്‍ ബെംഗളൂരു താരം എ.ബി. ഡിവില്ലിയേഴ്‌സ്. അത്തരമൊരു യോര്‍ക്കര്‍ തടയുന്നത് അത്ര എളുപ്പമല്ലെന്നും താനായിരുന്നു ആ പന്ത് നേരിട്ടതെങ്കില്‍ ചിലപ്പോള്‍ വിക്കറ്റ് തെറിക്കുമായിരുന്നെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

‘ഇത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഷോട്ടാണ്. അത് മിഡില്‍ സ്റ്റമ്പിനുള്ള പെര്‍ഫക്ട് യോര്‍ക്കറായിരുന്നു. അത് ശരിക്കും ശ്രേയസിന്റെ ബാറ്റ് ഒടിക്കാന്‍ കെല്‍പ്പുളള തരത്തിലുളള ബോളായിരുന്നു. ആ യോര്‍ക്കര്‍ തടയുന്നത് അത്ര എളുപ്പമല്ല. ഞാനായിരുന്നു ആ പന്ത് നേരിട്ടതെങ്കില്‍ എന്റെ വിക്കറ്റ് ചിലപ്പോള്‍ തെറിക്കുമായിരുന്നു.

ശ്രേയസ് ആ യോര്‍ക്കറില്‍ നിന്ന് ഒരു ബൗണ്ടറി നേടി ലോകത്തിലെ എറ്റവും മികച്ച ബോളറെ സമ്മര്‍ദത്തിലാക്കുന്നു സമ്മര്‍ദം തിരിച്ച്. അവിശ്വസനീയമായ ബാറ്റിങ്ങായിരുന്നു ശ്രേയസിന്റേത്. ശക്തമായൊരു ബ്രൂട്ടല്‍ ബാറ്റിങ്. എന്തൊരു അതിശയകരമായ കളിക്കാരനാണ് അദ്ദേഹം,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

മത്സരത്തില്‍ മുംബൈക്കെതിരെ ശ്രേയസ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് പഞ്ചാബിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 212.20 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.

Content Highlight: IPL 2025: De villiers Praises Shreyas Iyer