തോറ്റാല്‍ ധോണിയുടെയും സഞ്ജുവിന്റെയും അധോഗതി; കഷ്ടപ്പെട്ട് രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ്, ഹൈദരാബാദില്‍ ആദ്യ ചിരി
IPL
തോറ്റാല്‍ ധോണിയുടെയും സഞ്ജുവിന്റെയും അധോഗതി; കഷ്ടപ്പെട്ട് രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ്, ഹൈദരാബാദില്‍ ആദ്യ ചിരി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 7:38 pm

ഐ.പി.എല്‍ 2025ലെ 55ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സണ്‍റൈസേഴ്‌സിനെ സംബന്ധിച്ച് രണം അല്ലെങ്കില്‍ മരണം എന്ന നിലയിലാണ് ഈ മത്സരം. ദല്‍ഹിക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ സീസണില്‍ തങ്ങളുടെ സാധ്യത നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സിന് സാധിക്കും. അഥവാ പരാജയപ്പെട്ടാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ശേഷം പുറത്താകുന്ന മൂന്നാമത് ടീമായും സണ്‍റൈസേഴ്‌സ് മാറും.

കളിച്ച പത്ത് മത്സരത്തില്‍ ഏഴിലും തോറ്റ സണ്‍റൈസേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കുകയും ചെയ്താല്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ക്ക് ആദ്യ നാലില്‍ കയറിക്കൂടാനാകും.

അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സാകട്ടെ ടോപ്പ് ഫോറില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും നാല് തോല്‍വിയുമായി അഞ്ചാമതാണ് അക്‌സര്‍ പട്ടേലിന്റെ സംഘം.

ഇരു ടീമുകളെയും സംബന്ധിച്ച് വിജയം അനിവാര്യമാണെന്നതിനാല്‍ തീ പാറുന്ന പോരാട്ടത്തിനാകും രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാവുക.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി. നടരാജന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‌റിക് ക്ലാസന്‍, അനികേത് വര്‍മ, സച്ചിന്‍ ബേബി, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ, ജയ്‌ദേവ് ഉനദ്കട്.

 

Content Highlight: IPL 2025: DC vs SRH: Sunrisers Hyderabad won the toss and elect to field first