ഒറ്റ റണ്‍സ് പോലും നേടാതെ ഐ.പി.എല്ലിന്റെ ചരിത്രം തിരുത്തി; പുറത്തായെങ്കിലും ഈ റെക്കോഡില്‍ ഇവന് അഭിമാനിക്കാം!
2025 IPL
ഒറ്റ റണ്‍സ് പോലും നേടാതെ ഐ.പി.എല്ലിന്റെ ചരിത്രം തിരുത്തി; പുറത്തായെങ്കിലും ഈ റെക്കോഡില്‍ ഇവന് അഭിമാനിക്കാം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 8:43 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്സിന് പിന്നാലെ മഴയെത്തുകയും സാഹചര്യം പ്രതികൂലമായതോടെ മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. മാത്രമല്ല ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 133 റണ്‍സായിരുന്നു. മത്സരത്തില്‍ ഹെന്റിച്ച് ക്ലാസന് പകരം വിക്കറ്റ് കീപ്പര്‍ റോളില്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ദല്‍ഹിയുടെ ആദ്യ നാല് ബാറ്റര്‍മാരും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. കരുണ്‍ നായര്‍, ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ വിക്കറ്റാണ് ഇഷാന്‍ തന്റെ കൈപ്പിടിയിലാക്കിയത്. സണ്‍റൈസേഴ്സ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ആദ്യ മൂന്ന് ദല്‍ഹി ബാറ്റര്‍മാരും പുറത്തായത്. ജയദേവ് ഉനത്കട്ടിനാണ് രാഹുലിന്റെ വിക്ക്റ്റ്.

ആദ്യ നാല് ബാറ്റര്‍മാരെയും ഇഷാന്‍ കയ്യിലാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടീമിലെ ആദ്യ നാല് ബാറ്റര്‍മാരുടെയും ക്യാച്ചുകള്‍ എടുക്കുന്ന താരമെന്ന റെക്കോഡാണ് ഇഷാന്‍ കിഷന് സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ ആദം ഗില്‍ ക്രിസ്റ്റും മോണ്‍ വാന്‍ വൈകും ആദ്യ മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ ക്യാച്ചുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇഷാന്‍ ഇതിഹാസ താരങ്ങളുടെ നേട്ടമാണ് മറികടന്നത്.

ആദ്യ ഓവറിലെയും മൂന്നാം ഓവറിലെയും അഞ്ചാം ഓവറിലെയും ആദ്യ പന്തുകളില്‍ വിക്കറ്റ് നേടിയാണ് കമ്മിന്‍സ് തിളങ്ങിയത്. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 12 റണ്‍സ് മാത്രം വഴങ്ങിയാണ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയത്. കരുണ്‍ നായര്‍ (ഗോള്‍ഡന്‍ ഡക്ക്), ഫാഫ് ഡു പ്ലെസി (എട്ട് പന്തില്‍ മൂന്ന്), അഭിഷേക് പോരല്‍ (പത്ത് പന്തില്‍ എട്ട്) എന്നിവരെയാണ് താരം മടക്കിയത്.

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ആറാമനായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. 36 പന്തില്‍ നാല് ഫോര്‍ അടക്കം 41 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് വീശിയത്. ഇംപാക്ട് ആയി ഇറങ്ങിയ അശുതോഷ് ശര്‍മ 26 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

Content Highlight: IPL 2025: DC VS SRH: Ishan Kishan Achieve Great Record In IPL