ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ലൈനപ്പില്‍ ഏറെ പ്രതീക്ഷ വെച്ചുലര്‍ത്തിയ, ക്യാപ്പിറ്റല്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ കരുണ്‍ നായര്‍ ഇത്തവണ നിരാശപ്പെടുത്തി. പൂജ്യത്തിനാണ് താരം മടങ്ങിയത്.
സന്ദീപ് ശര്‍മയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിലാണ് കരുണ്‍ നായരിന് പവലിയനിലേക്കുള്ള വഴിയൊരുങ്ങുന്നത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ പരാജയത്തിന് വഴിയൊരുക്കിയ ഹാട്രിക് റണ്‍ ഔട്ടിന് ശേഷം ക്യാപ്പിറ്റല്‍സ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് മറ്റൊരു റണ്‍ ഔട്ട് കൂടി പിറവിയെടുത്തത്.
തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് നാലാം തവണയാണ് കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്താകുന്നത്. നാല് തവണയും ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ മൂന്നാം ഓവറില്‍ ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെയും നാലാം ഓവറില്‍ കരുണ്‍ നായരിനെയും ടീമിന് നഷ്ടമായി.
മൂന്നാം വിക്കറ്റില്‍ അഭിഷേക് പോരലും കെ.എല്‍. രാഹുലും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍ നല്‍കി. ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.