പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 207 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്‌സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
34 പന്തില്‍ 53 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്. 16 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടിയ മാര്‍കസ് സ്റ്റോയ്‌നിസിന്റെ പ്രകടനവും പഞ്ചാബ് നിരയില്‍ തുണയായി.
എക്‌സ്ട്രാസ് ഇനത്തില്‍ എട്ട് റണ്‍സും പഞ്ചാബിന്റെ അക്കൗണ്ടിലെത്തി. ആറ് റണ്‍സ് വൈഡിലൂടെയും രണ്ട് റണ്‍സ് നോ ബോളിലൂടെയുമാണ് പഞ്ചാബിന് ദല്‍ഹി ബൗളര്‍മാര്‍ വെറുതെ നല്‍കിയത്.
ദല്‍ഹിക്കെതിരായ നോ ബോളുകള്‍ക്ക് പിന്നാലെ ഈ സീസണില്‍ ഏറ്റവുമധികം നോ ബോളുകളെറിഞ്ഞ ടീം എന്ന മോശം റെക്കോഡില്‍ ക്യാപ്പിറ്റല്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 നോ ബോളുകളാണ് ടീം ഇതുവരെയെറിഞ്ഞത്.
ഈ 13 നോ ബോളില്‍ എട്ടെണ്ണം ക്യാപ്പിറ്റല്‍സിന്റെ പേസര്‍മാര്‍ എറിഞ്ഞപ്പോള്‍ അഞ്ചെണ്ണം സ്പിന്നര്‍മാരും എറിഞ്ഞു. പല ടീമുകളും അഞ്ച് നോ ബോള്‍ തികച്ചും എറിഞ്ഞിട്ടില്ല എന്ന് വ്യക്തമാകുമ്പോഴാണ് ദല്‍ഹി ബൗളിങ് യൂണിറ്റിന്റെ ദൗര്‍ബല്യം വ്യക്തമാകുന്നത്.
ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരേക്കാള്‍ നോ ബോള്‍ ക്യാപ്പിറ്റല്‍സലിന്റെ സ്പിന്‍ നിരയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരേക്കാള്‍ നോ ബോള്‍ ടീമിന്റെ പേസ് നിരയും എറിഞ്ഞിട്ടുണ്ട്.
അതേസമയം, പഞ്ചാബ് നിരയില്‍ ജോഷ് ഇംഗ്ലിസ് (12 പന്തില്‍ 38), പ്രഭ്‌സിമ്രാന്‍ സിങ് (18 പന്തില് 28), നേഹല്‍ വധേര (16 പന്തില്‍ 16) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 206 റണ്‍സിലെത്തി.
ദല്‍ഹി ക്യാപ്പിറ്റല്‍സിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.
Content Highlight: IPL 2025: DC vs PBKS: Delhi Capitals tops the list of most no balls bowled in this season