ഓള്‍ഡ് ഈസ് ഗോള്‍ഡ്! ആര്‍.സി.ബി & ദല്‍ഹി, ചരിത്രത്തിലെ രണ്ടാമന്‍; ദ്രാവിഡിനെയും മറികടന്ന് ഫാഫ്
IPL
ഓള്‍ഡ് ഈസ് ഗോള്‍ഡ്! ആര്‍.സി.ബി & ദല്‍ഹി, ചരിത്രത്തിലെ രണ്ടാമന്‍; ദ്രാവിഡിനെയും മറികടന്ന് ഫാഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 8:35 pm

ഐ.പി.എല്‍ 2025 പ്ലേ ഓഫ് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സും പരസ്പരം പോരാടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

12 മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ നാലാമതാണ്. 12 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 13 പോയിന്റുമായാണ് ദല്‍ഹി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇരു ടീമുകള്‍ക്കും മറ്റൊരു മത്സരം കൂടി ബാക്കിയുണ്ട്.

 

അക്‌സര്‍ പട്ടേലിന്റെ അഭാവത്തില്‍ സൂപ്പര്‍ താരം ഫാഫ് ഡു പ്ലെസിയാണ് ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഫാഫ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിര്‍ണായക മത്സരത്തില്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തതോടെ ഒരു തകര്‍പ്പന്‍ ലിസ്റ്റിലേക്കാണ് ഫാഫ് കാലെടുത്ത് വെച്ചിരിക്കുന്നത്. ഐ.പി.എല്ലിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റന്‍മാരുടെ പട്ടികയിലേക്കാണ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം എത്തിച്ചേര്‍ന്നിക്കുന്നത്.

ഐ.പി.എല്ലിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റന്‍മാര്‍

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 43 വയസും 317 ദിവസവും

ഷെയ്ന്‍ വോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 41 വയസും 249 ദിവസവും

ആദം ഗില്‍ക്രിസ്റ്റ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 41 വയസും 185 ദിവസവും

ഫാഫ് ഡു പ്ലെസി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 40 വയസും 312 ദിവസവും*

രാഹുല്‍ ദ്രാവിഡ് – രാജസ്ഥാന്‍ റോയല്‍സ് – 40 വയസും 133 ദിവസവും

 

ഇതോടൊപ്പം മറ്റൊരു നേട്ടവും ഫാഫിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും നയിക്കുന്ന രണ്ടാമത് താരമെന്ന റെക്കോഡാണ് ഫാഫ് സ്വന്തമാക്കിയത്. കെവിന്‍ പീറ്റേഴ്‌സണാണ് ഇരു ടീമിനെയും നയിച്ച അടുത്ത താരം.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ്. രോഹിത് ശര്‍മ (അഞ്ച് പന്തില്‍ അഞ്ച്), വില്‍ ജാക്‌സ് (13 പന്തില്‍ 21), റിയാന്‍ റിക്കല്‍ടണ്‍ (18 പന്തില്‍ 25) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

12 പന്തില്‍ 12 റണ്‍സുമായി തിലക് വര്‍മയും 12 പന്തില്‍ 15 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

 

Content Highlight: IPL 2025: DC vs MI: Faf du Plessis joins the list of oldest player to captain a IPL team