| Monday, 24th March 2025, 9:10 pm

കരിബീയന്‍ ചേട്ടന്‍മാരേ, ഇനി നിങ്ങളുടെ കൂടെ ഞാനുമുണ്ടേ... ആറില്‍ അറുന്നൂറ്; നാലാമന്‍, ചരിത്രമെഴുതി പൂരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മികച്ച തുടക്കമാണ് സൂപ്പര്‍ ജയന്റ്‌സിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13 പന്തില്‍ 15 റണ്‍സ് നേടിയ മര്‍ക്രമിനെ പുറത്താക്കി വിപ്രജ് നിഗമാണ് കൂട്ടുകെട്ട് പൊളിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. ആദ്യ മിനിട്ട് മുതല്‍ക്കുതന്നെ എതിരാളികള്‍ക്ക് മേല്‍ കാട്ടുതീയായ്പ്പടര്‍ന്ന് പൂരന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി. ഒരു വശത്ത് നിന്ന് മാര്‍ഷ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് പൂരന്റെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കവെ മാര്‍ഷിനെ ടീമിന് നഷ്ടമായി. 36 പന്തില്‍ 200.00 സ്‌ട്രൈക്ക് റേറ്റില്‍ 72 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മാര്‍ഷ് പുറത്തായെങ്കിലും പൂരന്‍ തന്റെ പതിവ് ശൈലിയില്‍ ബാറ്റിങ് തുടര്‍ന്നു. ക്രീസിലെത്തി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ നിക്കോളാസ് പൂരനെ ഒരു തകര്‍പ്പന്‍ റെക്കോഡും തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 600 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്.

ദല്‍ഹിക്കെതിരെ കളത്തിലിറങ്ങും മുമ്പ് 599 സിക്‌സറുകളാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. ഈ മത്സരത്തില്‍ ആദ്യ സിക്‌സര്‍ നേടിയതിന് പിന്നാലെ 600 സിക്‌സര്‍ നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും പൂരന്‍ ഇടം നേടി.

30 പന്തില്‍ 75 റണ്‍സില്‍ പുറത്താകും മുമ്പേ ഏഴ് സിക്‌സറും ആറ് ഫോറുമാണ് പൂരന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്.

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ മാത്രമാണ് 600 ടി-20 സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയിലുള്ളത് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വസ്തുത.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 455 – 1056

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 617 – 908

ആന്ദ്രേ റസല്‍ – 466 – 733

നിക്കോളാസ് പൂരന്‍ – 359 – 606*

അലക്‌സ് ഹേല്‍സ് – 490 – 552

കോളിന്‍ മണ്‍റോ – – 415 – 550

വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പുറമെ ബാര്‍ബഡോസ് ട്രൈഡന്റ്സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഇസ്‌ലമാബാദ് യുണൈറ്റഡ്, ഖുല്‍ന ടൈറ്റന്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, മെല്‍ബണ്‍ സ്റ്റാര്‍സ്, എം.ഐ. എമിറേറ്റ്സ്, എം.ഐ. ന്യൂയോര്‍ക്ക്, നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സ്, പഞ്ചാബ് കിങ്സ്, രംഗ്പൂര്‍ റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സില്‍ഹെറ്റ് സിക്സേഴ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ട്രിനിഡാഡ് & ടൊബാഗോ, ട്രിനിഡാഡ് & ടൊബാഗോ റെഡ് സ്റ്റീല്‍, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍, യോര്‍ക്‌ഷെയര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പൂരന്‍ ബാറ്റ് വീശിയത്.

Content Highlight: IPL 2025: DC vs LSG: Nicholas Pooran becomes the 4th batter to complete 600 sixes in T20 format

We use cookies to give you the best possible experience. Learn more