ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്.
നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടി നിതീഷ് റാണയും 12 പന്തില്‍ 17 റണ്‍സ് നേടി സഞ്ജു സാംസണുമാണ് ക്രീസിലുള്ളത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സൂപ്പര്‍ താരം സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. കളത്തിലിറങ്ങുന്നതിന് മുമ്പ് 4498 റണ്‍സായിരുന്നു സഞ്ജുവിന് സാധിച്ചത്.
രാജസ്ഥാന്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ചെന്നൈക്കെതിരെ കളത്തിലിറങ്ങിയത്. സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടുമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.