2025 ഐ.പി.എല്‍ സീസണിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം (ചൊവ്വ) അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് അവശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ഇതോടെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും 10 തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റ് നേടി ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.
സീസണില്‍ ഒരുപാട് തിരിച്ചടികളാണ് രാജസ്ഥാന്‍ കളത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ലേലത്തില്‍ താരങ്ങളെ തെരഞ്ഞെടുത്തതിലെ പോരായ്മകളും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു.
സീസണ്‍ തുടങ്ങിയപ്പോള്‍ പരിക്ക് മൂലം പ്യുവര്‍ ബാറ്റര്‍ റോളിലായിരുന്നു സഞ്ജു. ഇതോടെ ടീമിന്റെ പല മത്സരത്തിലും റിയാന്‍ പരാഗിനെ നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് റിയാന് ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചത്. മാത്രമല്ല പല മത്സരങ്ങളിലും ടീം വിജയത്തിനടുത്ത് എത്തിയിരുന്നു. മത്സര ശേഷം പരാഗിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും സഞ്ജുവിന്റെ പരിക്കിനെക്കുറിച്ചും രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിച്ചിരുന്നു.
‘ക്യാപ്റ്റനെന്ന നിലയില്‍ റിയാന്‍ പരാഗ് മികച്ച പ്രകടനം കാഴ്ചവെച്ചു. സഞ്ജു സാംസണെ ബാറ്റര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടമായപ്പോള്‍ മധ്യനിരയില്‍ പരാഗ് മികച്ച പ്രകടനം കാഴ്ചവെച്ചു. സാംസണിന് പരിക്കേറ്റ ദിവസം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ഞങ്ങള്‍ തോറ്റു, അത് ഞങ്ങളെ വളരെയധികം സ്വാധീനിച്ചു. പരാജയത്തില്‍ ഇതൊരു ഘടകം മാത്രമാണ്.
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പരിക്കേറ്റതിന് മുമ്പ് സാംസണ്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ആ മത്സരത്തിലും പരാഗ് മികച്ച പ്രകടനം നടത്തി. പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഞങ്ങള്‍ നിരവധി മത്സരങ്ങളില്‍ വിജയത്തിനടുത്തെത്തി. അവന്‍ ഒരു പാട് പരിശ്രമിച്ചു. അടുത്ത സീസണില്‍ ഞങ്ങളെ നയിക്കാന്‍ സഞ്ജു സാംസണ്‍ പൂര്‍ണ ആരോഗ്യവാനായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ദ്രാവിഡ് പറഞ്ഞു.
സിസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് സഞ്ജു 285 റണ്‍സാണ് നേടിയത്. 35.63 എന്ന ആവറേജിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. പരാഗ് 14 മത്സരങ്ങളില്‍ നിന്ന് 95 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 393 റണ്‍സാണ് സീസണില്‍ നേടിയത്. 32.75 എന്ന ആവറേജിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
Content highlight: IPL 2025: CSK VS RR: Rahul Dravid Talking About Riyan Parag’s Captaincy And Sanju Samson