| Tuesday, 20th May 2025, 9:13 pm

സഞ്ജൂ... നിന്നെ സാക്ഷിയാക്കി തല ആ റെക്കോഡ് അങ്ങ് കൊണ്ടുപോയി; 350ന്‍റെ നിറവില്‍ ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഈ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിയെയും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെയും ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ നേട്ടത്തിലേക്ക് ധോണി ആദ്യം ഓടിയെത്തിയിരിക്കുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ചരിത്ര റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഈമത്സരത്തിന് മുമ്പ് 349 സിക്‌സറുകളാണ് ധോണിയുടെ പേരിലുണ്ടായിരുന്നത്. സഞ്ജു സാംസണാകട്ടെ 348 സിക്‌സറുകളാണ് ഇതുവരെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ റിയാന്‍ പരാഗിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് ധോണി 350 ടി-20 സിക്‌സറുകളെന്ന ചരിത്ര നേട്ടത്തിലെത്തിയത്.

ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 34ാം താരമെന്ന നേട്ടവും നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടു.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 355* – 350*

സഞ്ജു സാംസണ്‍ – 290 – 348

കെ.എല്‍. രാഹുല്‍ – 224 – 331

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 446 – 542

വിരാട് കോഹ്‌ലി – 393 – 434

സൂര്യകുമാര്‍ യാദവ് – 297 – 368

എം.എസ്. ധോണി – 355 – 350*

സഞ്ജു സാംസണ്‍ – 290 – 348

കെ.എല്‍. രാഹുല്‍ – 224 – 331

സുരേഷ് റെയ്‌ന – – 319 – 325

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ സൂപ്പര്‍ കിങ്‌സിന് നഷ്ടമായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് കോണ്‍വേ പുറത്തായത്.

അതേ ഓവറിലെ ആറാം പന്തില്‍ ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റും ധോണിപ്പടയ്ക്ക് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് യുവതാരം മടങ്ങിയത്.

മൂന്നാം വിക്കറ്റില്‍ ആര്‍. അശ്വിനെ കൂട്ടുപിടിച്ച് ആയുഷ് മാഹ്‌ത്രെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ സൂപ്പര്‍ കിങ്‌സിന് മൂന്നാം വിക്കറ്റും നഷ്ടമായി. 5.5 ഓവറില്‍ ആയുഷ് മാഹ്‌ത്രെയെ ക്വേന മഫാക്കയുടെ കൈകളിലെത്തിച്ച് മുന്‍ സൂപ്പര്‍ കിങ്‌സ് താരമായ തുഷാര്‍ ദേശ്പാണ്ഡേയാണ് മടക്കിയത്. 20 പന്തില്‍ 43 റണ്‍സ് നേടിയാണ് സൂപ്പര്‍ കിങ്‌സിന്റെ വണ്ടര്‍കിഡ് തിരിച്ചുനടന്നത്.

അശ്വിന്‍ എട്ട് പന്തില്‍ 13 റണ്‍സ് നേടിയപ്പോള്‍ ഒറ്റ റണ്‍സ് മാത്രമാണ് ജഡ്ഡുവിന് നേടാനായത്.

എന്നാല്‍ ശിവം ദുബെയെ ഒരറ്റത്ത് നിര്‍ത്തി ഡെവാള്‍ഡ് ബ്രെവിസ് സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി. 35 പന്തില്‍ 42 റണ്‍സുമായാണ് ബ്രെവിസ് തകര്‍ത്തടിച്ചത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ ആകാശ് മധ്വാള്‍ താരത്തെ പുറത്താക്കി.

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 21 പന്തില്‍ 26 റണ്‍സുമായി ശിവം ദുബെയും എട്ട് പന്തില്‍ 11 റണ്‍സുമായി ധോണിയുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, യുദ്ധ്‌വീര്‍ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2025: CSK vs RR: MS Dhoni becomes the 1st Indian wicket keeper batter to complete 350 T20 sixes

We use cookies to give you the best possible experience. Learn more