ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. പരാജയപ്പെടുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ കൈവിട്ടാണ് സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ആരംഭിച്ചത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ സൂപ്പര്‍ കിങ്‌സിന് നഷ്ടമായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് കോണ്‍വേ പുറത്തായത്.
അതേ ഓവറിലെ ആറാം പന്തില്‍ ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റും ധോണിപ്പടയ്ക്ക് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് യുവതാരം മടങ്ങിയത്.
— Rajasthan Royals (@rajasthanroyals) May 20, 2025
മൂന്നാം വിക്കറ്റില്‍ ആര്‍. അശ്വിനെ കൂട്ടുപിടിച്ച് ആയുഷ് മാഹ്‌ത്രെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് വീണതോടെ ഈ സീസണില്‍ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീമുകളില്‍ ഒന്നാം സ്ഥാനത്തേക്കാണ് സൂപ്പര്‍ കിങ്‌സെത്തിയത്. ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ നിന്നും 25 പവര്‍പ്ലേ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
ഐ.പി.എല്‍ 2025 – പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ടീം
(ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 25
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 23
പഞ്ചാബ് കിങ്‌സ് – 22
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 20
അതേസമയയം, ഡെവാള്‍ഡ് ബ്രെവിസിന്റെ കരുത്തില്‍ മികച്ച സ്‌കോറിലേക്കാണ് സൂപ്പര്‍ കിങ്‌സ് നടന്നടുക്കുന്നത്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്.