പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വാന്‍ഷ് ബേദിക്ക് പകരക്കാരനായി ഇന്ത്യയിലെ വേഗമേറിയ ടി-20 സെഞ്ചൂറിയനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെയാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
Say Yellove to Urvil Patel! 💪🏻💛
PS: This young lion has the joint fastest 💯 in the Syed Mushtaq Ali Trophy to his credit!
“ഇടത് കണങ്കാലിനേറ്റ പരിക്ക് മൂലം ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായ വാന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് (സി.എസ്.കെ) ഉര്‍വില്‍ പട്ടേലുമായി കരാറിലെത്തി.
ഗുജറാത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഉര്‍വില്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടി ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്.
47 ടി-20 മത്സരങ്ങളില്‍ നിന്ന് 1162 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2023ല്‍ ഉര്‍വില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് അദ്ദേഹം ഇപ്പോള്‍ സി.എസ്.കെയില്‍ ചേരും,’ പ്രസ്താവനയിലൂടെ ടീം വ്യക്തമാക്കി.
2024 സീസണിലാണ് ഉര്‍വില്‍ പട്ടേല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വെടിക്കെട്ട് സെഞ്ച്വറി നേടിയത്. ത്രിപുരയ്‌ക്കെതിരെ ഗുജറാത്തിന് വേണ്ടിയായായിരുന്നു താരത്തിന്റെ പ്രകടനം.
ടി-20യില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിന് പുറമെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. 27 പന്തില്‍ സെഞ്ച്വറി നേടിയ എസ്റ്റോണിയയുടെ സഹില്‍ ചൗഹാനാണ് ടി-20യില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം.
മത്സരത്തില്‍ 35 പന്ത് നേരിട്ട് പുറത്താകാതെ 113 റണ്‍സാണ് ഉര്‍വില്‍ സ്വന്തമാക്കിയത്. 12 സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു പട്ടേലിന്റെ ഇന്നിങ്‌സ്. പട്ടേലിന്റെ പ്രകടനത്തില്‍ 58 പന്ത് ബാക്കി നില്‍ക്കെ ഗുജറാത്ത് 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുകയായിരുന്നു.
അതേസമയം, കളിച്ച 11 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട സൂപ്പര്‍ കിങ്സ് ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. രണ്ട് വിജയത്തോടെ നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് സൂപ്പര്‍ കിങ്സ്.