ഐ.പി.എല്‍ 2025ലെ ആദ്യ 25 മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. നിലവില്‍ എട്ട് പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമതും ദല്‍ഹി ക്യാപ്പിറ്റല്‍സ് രണ്ടാമതും ഇരിപ്പുറപ്പിച്ചപ്പോള്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്താമതും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനത്തുമാണ്. അഞ്ച് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് എട്ടാമത്. മൂവര്‍ക്കും രണ്ട് പോയിന്റ് വീതമാണുള്ളത്.
ഐ.പി.എല്ലിന്റെ ആവേശം അണപൊട്ടിയൊഴുകുമ്പോള്‍ ടൂര്‍ണമെന്റിന്റെ ഗ്രീന്‍ ഇനീഷ്യേറ്റീവിനും കയ്യടികളുയരുന്നുണ്ട്. മത്സരത്തിലെ ഓരോ ഡോട്ട് ബോളുകള്‍ക്കും 18 മരം വീതം ബി.സി.സി.ഐ നട്ടുപിടിപ്പിക്കും.
ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ടാറ്റ ഗ്രൂപ്പിനൊപ്പം കൈകോര്‍ത്താണ് ബി.സി.സി.ഐ ഈ പ്രവര്‍ത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ മത്സരങ്ങള്‍ അവസാനിക്കുമ്പോഴും നൂറുകണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിക്കപ്പെടുന്നത്.
ഐ.പി.എല്ലില്‍ ഇതുവരെ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ചതിന്റെ അനാവശ്യ നേട്ടം നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേരിലാണ്. ആറ് മത്സരത്തില്‍ നിന്നും 245 പന്തുകളിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് റണ്‍സ് നേടാനാകാതെ പോയത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം 4,410 മരങ്ങളാണ് ഇതുവരെ പ്രകൃതിക്ക് നല്‍കിയത്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ നേരിട്ട ടീം (ഇതുവരെ)
സൂപ്പര്‍ കിങ്‌സ് ഇത്തരത്തില്‍ ഡോട്ട് ബോളുകള്‍ കളിക്കുന്നത് ആരാധകര്‍ക്കിടയില്‍ ട്രോളുകള്‍ക്കുള്ള വകയൊരുക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കാട് തന്നെ നട്ടുപിടിപ്പിക്കേണ്ടി വരുമെന്നും പ്രകൃതി ചൂഷകര്‍ക്കുള്ള മറുപടിയാണ് ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കുന്നത് എന്നടക്കമാണ് ട്രോളുകള്‍ ഉയരുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ധാരാളം ഡോട്ട് ബോളുകള്‍ കളിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഇതോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വിയും ടീമിന് നേരിടേണ്ടി വന്നു.
ചെപ്പോക്കില്‍ ചെന്നൈയുടെ ഏറ്റവും മോശം സ്‌കോറായ 103 റണ്‍സ് 10.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പരാജയത്തിന് പിന്നാലെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും വെറും രണ്ട് പോയിന്റാണ് ടീമിനുള്ളത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചുകൊണ്ട് ക്യാമ്പെയ്ന്‍ ആരംഭിച്ച സൂപ്പര്‍ കിങ്സ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടു.
ഏപ്രില്‍ 14നാണ് ചെന്നൈയുടെ അടുത്ത മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Chennai Super Kings played most number of dot balls 2025 IPL so far