ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു പഞ്ചാബ്.
തോല്‍വിയോടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും മങ്ങിയ അവസ്ഥയിലാണ് ചെന്നൈ. പോയിന്റ് പട്ടികയില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും രണ്ടുവിജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. മാത്രമല്ല സ്വന്തം തട്ടകത്തില്‍ അഞ്ച് മത്സരങ്ങളാണ് സീസണില്‍ ചെന്നൈ പരാജയപ്പെട്ടത്. അതേസമയം പോയിന്റ് ടേബിളില്‍ 10 മത്സരങ്ങളില്‍ ആറ് വിജയം സ്വന്തമാക്കി 13 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനും പഞ്ചാബിന് സാധിച്ചു.
പഞ്ചാബിനുവേണ്ടി അമ്പരപ്പിക്കുന്ന പ്രകടനമാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. 41 പന്തില്‍ നിന്ന് നാല് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 72 റണ്‍സ് നേടിയാണ് താരം പുറത്തായത്. അവസാന ഘട്ടംവരെ ക്രീസില്‍ നിന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 36 പന്തില്‍ മൂന്ന് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 54 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. മധ്യനിരയില്‍ ഇറങ്ങിയ ശശാങ്കസിങ് 12 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 23 റണ്‍സും നേടി. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 15 പന്തില്‍ 23 റണ്‍സും നേടിയിരുന്നു.
ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, മതീഷാ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ചെന്നൈക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓസ്‌ട്രേലിയന്‍ കരുത്തന്‍ സാം കറനാണ്. മൂന്നാമനായി ക്രീസില്‍ എത്തി 47 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 88 റണ്‍സ് നേടിയാണ് താരം പുറത്തായത്. 187.23 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സാം ബാറ്റ് വീശിയത്. താരത്തിന് പുറമേ മിന്നും പ്രകടനം കാഴ്ചവച്ചത് ഡെവാള്‍ഡ് ബ്രവിസാണ്. 26 പന്തില്‍ നിന്ന് 32 റണ്‍സ് നേടി മധ്യനിരയില്‍ സാമിന് കൂട്ടുനില്‍ക്കാന്‍ താരത്തിന് സാധിച്ചു.
ആവേശം നിറഞ്ഞ മത്സരത്തില്‍ പഞ്ചാബിന് വേണ്ടി ഓവറിന് എത്തിയ യുസ്വേന്ദ്ര ചഹലാണ് അമ്പരപ്പിച്ചത്. നിര്‍ണായകഘട്ടത്തില്‍ താരം എറിഞ്ഞ ഓവറില്‍ ഒരു ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ ആണ് ചെന്നൈക്ക് നഷ്ടമായത്.
ആദ്യ പന്ത് നേരിടാന്‍ എത്തിയ ക്യാപ്റ്റന്‍ ധോണി സിക്‌സര്‍ പറത്തി ചഹലിനെ വരവേറ്റെങ്കിലും രണ്ടാം പന്തില്‍ മാര്‍ക്കോയാന്‍സന്റെ കൈകളില്‍ എത്തിച്ച് ധോണിയെ പുറത്താക്കാന്‍ ചഹലിന് സാധിച്ചു. 4 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും വീതം നേടി 11 റണ്‍സുമായിട്ടാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ശേഷം ദീപക് ഹഹൂഡ ഒരു ഡബിള്‍ എടുത്തെങ്കിലും നാലാം പന്തില്‍ പ്രിയന്‍ഷ് ആര്യയുടെ കയ്യിലെത്തിച്ച് ദീപക്കിനെ പറഞ്ഞയക്കാന്‍ ചാലിന് കഴിഞ്ഞു. പിന്നീട് അന്‍ഷുല്‍ കാംബോജിനെയും നൂര്‍ അഹമ്മദിനെയും 0 റണ്‍സിന് പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു ചഹല്‍.
അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അസ്മത്തുള്ള ഒമാര്‍സായി, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: IPL 2025: Chennai Super King Lose Against Panjab In Chepauk