ഭുവിയുടെ തീയുണ്ടയില്‍ പിറന്നത് ഇരട്ട റെക്കോഡ്; ഒന്നില്‍ ചൗളയെ വെട്ടിയപ്പോള്‍ മറ്റൊന്നില്‍ ഒന്നാമന്‍!
Sports News
ഭുവിയുടെ തീയുണ്ടയില്‍ പിറന്നത് ഇരട്ട റെക്കോഡ്; ഒന്നില്‍ ചൗളയെ വെട്ടിയപ്പോള്‍ മറ്റൊന്നില്‍ ഒന്നാമന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th April 2025, 9:00 am

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം 18.3 ഓവറില്‍ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ടിം ഡേവിഡിന്റെ ഫിനിഷിങ്ങുമാണ് ചെയ്‌സിങ്ങില്‍ ടീമിന് തുണയായത്.

ക്രുണാല്‍ പാണ്ഡ്യ 47 പന്തില്‍ പുറത്താകാതെ 73 റണ്‍സും ടിം ഡേവിഡ് അഞ്ച് പന്തില്‍ പുറത്താകാതെ 19 റണ്‍സും അടിച്ചെടുത്തു. 47 പന്തില്‍ 51 റണ്‍സ് നേടിയാണ് വിരാട് കോഹ്‌ലി മടങ്ങിയത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ടിം ഡേവിഡ് ആര്‍.സി.ബിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ബൗളിങ്ങില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 8.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഒരു നേട്ടം സ്വന്തമാക്കാനാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഭുവനേശ്വറിന് സാധിച്ചത്. മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ബൗളറാകാനും ഭുവിക്ക് സാധിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

യുസ്വേന്ദ്ര ചഹല്‍ – 214

ഭുവനേശ്വര്‍ കുമാര്‍ – 193

പീയൂഷ് ചൗള – 192

സുനില്‍ നരേയ്ന്‍ – 187

ആര്‍. അശ്വിന്‍ – 185

ഭുവിക്ക് പുറമെ ബൗളിങ്ങില്‍ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യാഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി കെ.എല്‍. രാഹുല്‍ 39 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18 പന്തില്‍ 34 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി മറ്റാര്‍ക്കും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.

ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പത്ത് മത്സരത്തില്‍ ഏഴ് ജയവുമായി 14 പോയിന്റോടെയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

 

Content Highlight: IPL 2025: Bhuvaneshwar Kumar In Great Record Achievement In IPL