| Saturday, 24th May 2025, 8:55 am

അമ്പമ്പോ! ഇവന്‍മാരൊക്കെ ഇത് അടിച്ച് തകര്‍ക്കുകയാണോല്ലോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഉയസൂര്യന്മാര്‍ തകര്‍പ്പന്‍ ജയം നേടിയത്.

ടൂര്‍ണമെന്റില്‍ 200 റണ്‍സ് പിറന്ന മറ്റൊരു മത്സരത്തിനാണ് കഴിഞ്ഞ ദിവസം ഗാലറി സാക്ഷിയായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിരുന്നു.

ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 200+ സ്‌കോര്‍ പിറന്ന സീസണായി ഐ.പി.എല്‍ 2025 മാറി. കഴിഞ്ഞ മത്സരത്തിലും 200 റണ്‍സിന് മുകളില്‍ വന്നതോടെ ഈ സീസണില്‍ ഇത് 42ാം സംഭവമായി മാറി. കഴിഞ്ഞ സീസണില്‍ 41 തവണയാണ് ടീമുകള്‍ 200+ സ്‌കോര്‍ നേടിയത്.

പതിനെട്ടാം സീസണില്‍ ഇനിയും ഒമ്പത് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഈ റെക്കോഡ് നേട്ടത്തിലെത്തിയത്. അഞ്ച് ലീഗ് മത്സരങ്ങളും നാല് നോക്കൗട്ട് മത്സരങ്ങളുമാണ് ഈ സീസണില്‍ ഇനി വരാനുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 200+ ടീം ടോട്ടലുകള്‍ നേടിയ സീസണ്‍, എണ്ണം

2025 – 42*

2024- 41

2023 – 37

2022 – 18

2018 -15

പതിനെട്ട് സീസണില്‍ 65 മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഇതുവരെ പോയിന്റ് ടേബിളിലെ സ്ഥാനങ്ങള്‍ തീരുമാനമായിട്ടില്ല. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ടീമുകള്‍ ടേബിള്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്താണ്. 17 പോയിന്റുമായി പഞ്ചാബ് കിങ്സ് രണ്ടാമതും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. ഗംഭീര തിരിച്ച് വരവുകള്‍ നടത്തി പ്ലേ ഓഫ് യോഗ്യത നേടിയ മുംബൈ 16 പോയിന്റുമായി നാലാമതുണ്ട്. പഞ്ചാബ് കിങ്സിനൊഴികെ ബാക്കിയുള്ളവര്‍ക്കും ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

Content Highlight: IPL 2025 becomes the season with the most number of 200+ team scores

We use cookies to give you the best possible experience. Learn more