ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈക്കെതിരെ നാല് വിക്കറ്റിന്റെ വിജയം ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയിരുന്നു. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സി.എസ്.കെ മുംബൈയെ ബാറ്റിങ് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ല്‍ മുംബൈയെ ഒതുക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ചെപ്പോക്കില്‍ ഫുള്‍ പാക്കഡ് ഗ്യാലറിയാണ് ആവേശം നിറഞ്ഞ മത്സരത്തിന് സാക്ഷിയായത്. ആരാധകരില്‍ ഏറെയും എം.എസ്. ധോണിയെ ഒരു നോക്ക് കാണാനെത്തിയതാണ്. ജഡേജ പുറത്തായതിന് ശേഷം ക്രീസിലെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ഗ്യാലറി നല്‍കിയത്. മത്സരത്തില്‍ മുംബൈ നായകന്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കിയത് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങായിരുന്നു.

ഇപ്പോള്‍, മുന്‍ താരവും കമന്റേറ്ററുമായ അമ്പാട്ടി റായിഡു ചെന്നൈ ആരാധകരുടെ ധോണി സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയാണ്. എം.എസ്. ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമ്പോള്‍ ചെന്നൈ ആരാധകര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് റായിഡു പറഞ്ഞത്. ആരാധകര്‍ ആദ്യം ധോണിയെയാണ് ഇഷ്ടപ്പെടുന്നതെന്നും എന്നിട്ടാണ് സി.എസ്.കെയുടെ ആരാധകരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



