ഐ.പി.എല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം.
46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ രോഹിത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. നിലവില്‍ മികച്ച തുടരുന്ന രോഹിത്തിനെ പ്രശംസിച്ചു സംസാരിക്കുകയാണ് മുന്‍ മുംബൈ താരം അമ്പാട്ടി റായിഡു.
‘അദ്ദേഹത്തിന്റെ ഫോം തിരിച്ചുവന്നിരിക്കുന്നു, ഏറ്റവും നല്ല കാര്യം അദ്ദേഹം അനാവശ്യമായ പവര്‍ ഉപയോഗിച്ച് ഷോട്ടുകള്‍ അടിക്കുന്നില്ല എന്നതാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പുള്‍ ഷോട്ടില്‍ രോഹിത് മാസ്റ്റര്‍ക്ലാസ് കാണിച്ചു, പന്ത് കൃത്യസമയത്ത് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. ഹൈദരാബാദിനെതിരെ അദ്ദേഹം ഫ്‌ലിക്ക് ഷോട്ട്, സ്വീപ്പ്, ലേറ്റ് കട്ട്, സ്‌ക്വയര്‍ കട്ട് എന്നിവ കളിക്കുന്നത് ഞങ്ങള്‍ കണ്ടു. ഐ.പി.എല്ലിന്റെ അവസാനത്തില്‍ അദ്ദേഹം ഉണരും, എല്ലാവര്‍ക്കും ഇത് മുന്നറിയിപ്പാണ്,’ അമ്പാട്ടി റായിഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മാത്രമല്ല കഴിഞ്ഞ മത്സരങ്ങളില്‍ രോഹിത് പെട്ടെന്ന് പുറത്താകുന്നതിന്റെ കാരണവും മുന്‍ താരം പറഞ്ഞു. പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ വേണ്ടി റിസ്‌ക് ഷോട്ട് കളിച്ചതിനാല്‍ താരത്തിന് വിക്കറ്റ് നഷ്ടപ്പെടുത്തി വന്നതെന്നാണ് റായുഡു പറഞ്ഞത്.
‘പവര്‍പ്ലേ ഓവറുകളില്‍ രോഹിത് ധാരാളം റണ്‍സ് നേടാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് അദ്ദേഹം പുറത്തായത്. അത് തന്റെ പ്രകടനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് രോഹിത് മനസിലാക്കി, ഇപ്പോള്‍ മത്സര സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു,’ റായിഡു കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഐ.പി.എല്ലില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സാണ് രോഹിത് നേടിയത്. 76* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 32.57 ആവറേജും താരത്തിനുണ്ട്.
സീസണില്‍ സണ്‍റൈസേഴ്സിനെതിരായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.