ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാവുക ഈ ടീമിന്; പ്രതികരണവുമായി ചോപ്ര
IPL
ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാവുക ഈ ടീമിന്; പ്രതികരണവുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 2:38 pm

നാളെ (ശനി) പുനരാരംഭിക്കുന്ന ഐ.പി.എല്ലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം. എന്നാല്‍ പല വിദേശ താരങ്ങളുടെയും ലഭ്യത ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.

ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് നിരയില്‍ പ്രധാന മൂന്ന് താരങ്ങള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. റയാന്‍ റിക്കില്‍ട്ടന്‍, കോര്‍ബിന്‍ ബോഷ് എന്നിവരെയാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് നഷ്ടമാവുക. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടക്കുകയാണെങ്കില്‍ ദേശീയ ടീമില്‍ കളിക്കേണ്ടതിനാല്‍ ഇവര്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വിദേശ താരങ്ങള്‍ വിട്ടുനില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുക മുംബൈ ഇന്ത്യന്‍സിനാകുമെന്നും തനിക്ക് അവരോട് സഹതാപം തോന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുയായിരുന്നു ആകാശ് ചോപ്ര.

‘മുംബൈയുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടമാകുന്നതിനാല്‍ എനിക്ക് ഇപ്പോള്‍ അവരോട് സഹതാപം തോന്നുന്നു. വില്‍ ജാക്സിന്റെ സ്ഥിതിയും അത്ര നല്ലതല്ല. അദ്ദേഹവും ജോസ് ബട്‌ലറും ടീം വിടുമെന്ന് എനിക്ക് തോന്നുന്നു.

എന്റെ അഭിപ്രായത്തില്‍, ഏറ്റവും വലിയ നഷ്ടം മുംബൈയ്ക്കായിരിക്കും. കാരണം ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണനെയും പ്ലേ ഓഫ് ഘട്ടത്തില്‍ കളിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന കോര്‍ബിന്‍ ബോഷിനെയും അവര്‍ക്ക് നഷ്ടമാകും,’ ചോപ്ര പറഞ്ഞു.

റയാന്‍ റിക്കില്‍ട്ടന്‍, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്സ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സിനായി ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മൂവരും ടീമില്‍ നിന്ന് പുറത്ത് പോയാല്‍ മുംബൈയുടെ വീണ്ടുമൊരു കിരീടമെന്ന മോഹത്തിന് വലിയ തിരിച്ചടിയാകും.

ടൂര്‍ണമെന്റില്‍ പ്ലേ ഓഫിലെത്താന്‍ മുംബൈയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇനി സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് ബാക്കിയുള്ളത്. നിലവില്‍ മുംബൈ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും 14 പോയിന്റുമായി നാലാം സ്ഥാനത്താണ്.

Content Highlight: IPL 2025: Akash Chopra talks about unavailability of foreign players in playoffs and says Mumbai Indians will gets more hurt