മൈതാനത്ത് എന്ത് സംഭവിച്ചാലും നേരിടേണ്ടത് ക്യാപ്റ്റന്‍, അവന്‍ അംഗീകരിക്കപ്പെട്ടു; സൂപ്പര്‍ താരത്തെക്കുറിച്ച് ഗാവസ്‌കര്‍
2025 IPL
മൈതാനത്ത് എന്ത് സംഭവിച്ചാലും നേരിടേണ്ടത് ക്യാപ്റ്റന്‍, അവന്‍ അംഗീകരിക്കപ്പെട്ടു; സൂപ്പര്‍ താരത്തെക്കുറിച്ച് ഗാവസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th May 2025, 4:53 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹഡ്ഡില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സ് തകര്‍പ്പന്‍ വിജയമായിരുന്നു കാഴ്ചവെച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 219 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാന് സാധിച്ചില്ലായിരുന്നു. ഇതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് പ്ലേ ഓഫില്‍ കയറിയിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഐ.പി.എല്‍ പ്ലേ ഓഫില്‍ കേറുന്നത്.

ഇപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ വിജയത്തിനുള്ള അംഗീകാരം അയ്യര്‍ക്ക് ലഭിച്ചില്ലെന്നും എല്ലാ ക്രെഡിറ്റും ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാള്‍ക്കാണ് ലഭിച്ചതെന്നും എന്നാല്‍ മൈതാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ക്യാപ്റ്റനാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല നിലവില്‍ അയ്യര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നെന്നും ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ സീസണില്‍ ഐ.പി.എല്‍ വിജയത്തിനുള്ള അംഗീകാരം അവന് ലഭിച്ചില്ല. എല്ലാ പ്രശംസയും മറ്റൊരാള്‍ക്കാണ് ലഭിച്ചത്. ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാള്‍ക്കല്ല, മറിച്ച് മൈതാനത്ത് എന്ത് സംഭവിക്കുമ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ക്യാപ്റ്റനാണ്. എന്നിരുന്നാലും, ഈ വര്‍ഷം അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നു. ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നല്‍കുന്നില്ല,’ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ്. എന്നാല്‍ കൊല്‍ക്കത്തയുടെ വിജയത്തില്‍ ടീമിനൊപ്പം മെന്ററായി ചേര്‍ന്ന ഗൗതം ഗംഭീറിനാണ് കൂടുതല്‍ ക്രെഡിറ്റും ലഭിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ അയ്യര്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചിച്ചില്ലെന്ന് മാത്രമല്ല 2025 സീസണിനോട് അനുബന്ധിച്ച് നടന്ന മെഗാ ലേലത്തില്‍ ശ്രേയസിനെ ടീം വിട്ടയയ്ക്കുകയും ചെയ്തു.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 435 റണ്‍സാണ് അയ്യര്‍ നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 48.33 ആവറേജിലും 174.70 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. മെയ് 24ന് ദല്‍ഹിക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തിലാണ് വേദി.

Content Highlight: IPL 2025: Akash Chopra Talking About Shreyas Iyer