2025 ഐ.പി.എല്‍ താത്കാലികമായി ഒരാഴ്ചത്തേക്കാണ് മാറ്റിവെച്ചതെന്ന് ബി.സി.സി.ഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ധാക്കിയത്. ഇതിന് പിന്നാലെ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കാനിരുന്ന ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.എല്ലില്‍ നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഗുജറാത്ത്. രണ്ടാം സ്ഥാനത്ത് ബെംഗളൂരുവും മൂന്നാം സ്ഥാനത്ത് പഞ്ചാബുമാണ് നിലയുറപ്പിച്ചത്.
സീസണില്‍ ഏറെ പ്രതീക്ഷയേടെ എത്തിയ ലഖ്‌നൗ 11 മത്സരങ്ങളില്‍ അഞ്ച് വിജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വില നല്‍കി ലഖ്‌നൗ ടീമിലെത്തിച്ച താരമായിരുന്നു റിഷബ് പന്ത്. 27 കോടി രൂപയായിരുന്നു റിഷബിന് വേണ്ടി എല്‍.എസ്.ജി മുടക്കിയത്. എന്നാല്‍ ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ മോശം പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. പന്ത് ഇത്രയധികം കഷ്ടപ്പെടുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് ചോപ്ര പറഞ്ഞത്. മാത്രമല്ല മികവ് പുലര്‍ത്താന്‍ സാധിക്കാത്തതില്‍ താരം വലിയ ദേഷ്യം പ്രകടിപ്പിച്ചെന്നും ചോപ്ര പറഞ്ഞു. വലിയ തുകയ്ക്ക് പന്തിനെ എല്‍.എസ്.ജി വാങ്ങിയപ്പോഴും പന്തിന് തിരിച്ചടിയാണ് സംഭവിക്കുന്നതെന്നും മുന്‍ താരം സൂചിപ്പിച്ചു.
‘അയാള്‍ ഇത്രയധികം കഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് ആരും അദ്ദേഹത്തെപ്പോലെ ദേഷ്യപ്പെടുന്നതും ഞാന്‍ കണ്ടിട്ടില്ല. 27 കോടി രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോള്‍ അത് അദ്ദേഹത്തിന് ഒരു വലിയ നിമിഷമായിരുന്നു, പക്ഷേ ജീവിതത്തിലുടനീളം അദ്ദേഹം ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് വെറും 128 റണ്‍സ് മാത്രമാണ് റിഷബ് നേടിയത്. 12.80 ആവറേജും 99.22 സ്‌ട്രൈക്ക് റേറ്റുമാണ് സീസണില്‍ താരത്തിനുള്ളത്.
Content Highlight: IPL 2025: Akash Chopra Talking About Rishabh Pant