ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിക്കാതെ കാത്തുസൂക്ഷിച്ചിരുന്നു. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.
ടീമിന്റെ ഇടക്കാല ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വെടിക്കെട്ട് പ്രകടനമാണ് മത്സരം അവസാന പന്ത് വരെ കൊണ്ടുചെന്നെത്തിച്ചത്. 45 പന്ത് നേരിട്ട താരം 95 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്സറും ആറ് ഫോറും അടക്കം 211.11 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. താരം ആകെ നേടിയ എട്ട് സിക്‌സറില്‍ അഞ്ചും ഒറ്റ ഓവറില്‍ തന്നെയായിരുന്നു പിറവിയെടുത്തത്.
ഇതിന് പിന്നാലെ താരം രണ്ട് വര്‍ഷം മുമ്പ് പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു.
‘ഈ സീസണില്‍ എപ്പോഴെങ്കിലും ഒരു ഓവറില്‍ ഞാന്‍ നാല് സിക്സറുകള്‍ നേടുമെന്ന് എന്റെ മനസ് പറയുന്നു’ എന്നായിരുന്നു പരാഗ് കുറിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കിലും പരാഗ് തന്റെ സ്വപ്നം നിറവേറ്റിയിരിക്കുകയാണ്. എന്നാല്‍ വിജയത്തിലൂടെ ആ സ്വപ്നത്തിന് പൂര്‍ണത നല്‍കാന്‍ മാത്രം താരത്തിന് സാധിച്ചില്ല.
‘റിയാന്‍ പരാഗിന് ഒരു മല തന്നെ കയറാനുണ്ടായിരുന്നു. പത്ത് ഓവറിന് മുമ്പ് തന്നെ ടീമിന്റെ പകുതിയും പുറത്തായി. വാനിന്ദു ഹസരങ്കയെ ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്ത് കളത്തിലിറക്കിയെങ്കിലും അവന്‍ വന്നതുപോലെ തിരിച്ചുപോയി. സ്‌കോര്‍ ബോര്‍ഡിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെയാണ് അദ്ദേഹം പുറത്തായത്.
ഷിംറോണ്‍ ഹെറ്റ്‌മെയറാകട്ടെ ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലാണ് ബാറ്റ് ചെയ്തതും. ഇതോടെ താന്‍ എന്തെങ്കിലും ചെയ്യണമെന്ന് റിയാന്‍ പരാഗ് തീരുമാനിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഒരു ഓവറില്‍ നാല് സിക്‌സറുകളടിക്കുമെന്ന് അവന്‍ ട്വീറ്റ് ചെയ്തിരുന്നു. ആരും തന്നെ അത്തരം കാര്യങ്ങള്‍ പരസ്യമായി പറയാന്‍ ശ്രമിക്കില്ല. എന്നാല്‍ അവനത് ചെയ്തു.
ഇതിന് പിന്നാലെ ഒരുപാട് ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും റിയാന്‍ പരാഗ് പാത്രമായി. അവനൊരു കൊച്ചുകുട്ടിയായിരുന്നു, അതുകൊണ്ട് അവനത് ചെയ്തു. അവന്‍ സ്വയം രാകിമിനുക്കി മൂര്‍ച്ച കൂട്ടിയെടുക്കുകയായിരിക്കണം. ഇപ്പോള്‍ അവനത് പുസ്തകത്തില്‍ എഴുതുന്നുണ്ടാകാം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ രാജസ്ഥാന്‍ റോയല്‍സ് എട്ടാം സ്ഥാനത്താണ്. 12 മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒമ്പത് തോല്‍വിയുമാണ് ടീമിനുള്ളത്.
സീസണില്‍ ഇനി രണ്ട് മത്സരങ്ങളാണ് രാജസ്ഥാന്‍ കളിക്കുക. മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെപ്പോക്കിലെത്തിയും മെയ് 16ന് പഞ്ചാബ് കിങ്‌സിനെതിരെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലുമാണ് മത്സരം.