ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. പുറത്താകലിന്റെ വക്കിലുള്ള ഹൈദരാബാദിന് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വലിയ മാര്‍ജിന് വിജയം അനിവാര്യമാണ്.
നിലവില്‍ പോയിന്റ് ടേബിളില്‍ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ ഒമ്പതാം സ്ഥാനത്താണ് ഹൈദരാബാദ്. അതേസമയം 10 മത്സരത്തില്‍ നിന്ന് ആറ് വിജയവും നാല് തോല്‍വിയുമായി അഞ്ചാം സ്ഥാനത്തിള്ള ദല്‍ഹിക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
മത്സരത്തിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹൈദരാബാദിന് ഇതുവരെ അവരുടെ ബാറ്റിങ്ങിലെ പോരായ്മകള്‍ മനസിലായിട്ടില്ലെന്നും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഒരുമിച്ച് റണ്‍സ് നേടുന്നില്ലെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘സീസണ്‍ കഴിയാറായി, ഹൈദരാബാദിന് ഇതുവരെ അവരുടെ ബാറ്റിങ്ങിലെ പോരായ്മകള്‍ മനസിലായിട്ടില്ല. അഭിഷേക് ശര്‍മ റണ്‍സ് നേടുമ്പോള്‍ ട്രാവിസ് ഹെഡിന് റണ്‍സ് നേടാനാകുന്നില്ല, അല്ലെങ്കില്‍ തിരിച്ചും. ഇരുവരും ഒരുമിച്ച് ഒരു മത്സരത്തില്‍ മാത്രമാണ് റണ്‍സെടുത്തത്. അവര്‍ പെര്‍ഫോം ചെയ്യുകയാണെങ്കില്‍ അത് ഒരു നല്ല ടീമാണ്. ഇല്ലെങ്കില്‍ അവര്‍ ബുദ്ധിമുട്ടുന്നു,’ ചോപ്ര പറഞ്ഞു.
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം മോശം ഫോമില്‍ തുടരുന്ന ഇഷാന്‍ കിഷനെ കുറിച്ചും ചോപ്ര സംസാരിച്ചു. ഇഷാന്‍ കിഷന്‍ തീര്‍ത്തും അപ്രത്യക്ഷനായെന്നും ആദ്യ മത്സരത്തിന് ശേഷം അവന്‍ വന്നിട്ടേയില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വലിയ ബാറ്റിങ് നിരയുണ്ടെങ്കിലും അതിന് ശക്തിയില്ലെന്നും വലിയ കളിക്കാര്‍ റണ്‍സ് നേടുന്നില്ലെങ്കില്‍ അവര്‍ക്ക് ജയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൂന്നാം നമ്പറില്‍, ഇഷാന്‍ കിഷന്‍ തീര്‍ത്തും അപ്രത്യക്ഷനായി. ആദ്യ മത്സരത്തിന് ശേഷം അവന്‍ വന്നിട്ടേയില്ലെന്ന് തോന്നുന്നു. അവര്‍ക്ക് നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍, അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ് എന്നിവരുണ്ട്. അവര്‍ക്ക് വലിയ ബാറ്റിങ് നിരയുണ്ട്. പക്ഷേ അതിന് അതേ ശക്തിയില്ല. വലിയ കളിക്കാര്‍ റണ്‍സ് നേടുന്നില്ലെങ്കില്‍ അവര്‍ക്ക് ജയിക്കാനാവില്ല,’ ചോപ്ര പറഞ്ഞു.