സഞ്ജുവിന്റെ ബ്രഹ്മാസ്ത്രത്തെ മിക്കവാറും ഇവന്‍ ഒടിക്കും; കടത്തിവെട്ടാന്‍ രഹാനെയ്ക്ക് വേണ്ടത് വെറും...
2025 IPL
സഞ്ജുവിന്റെ ബ്രഹ്മാസ്ത്രത്തെ മിക്കവാറും ഇവന്‍ ഒടിക്കും; കടത്തിവെട്ടാന്‍ രഹാനെയ്ക്ക് വേണ്ടത് വെറും...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th May 2025, 8:36 pm

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ പുനരാരംഭിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ബെംഗളൂരില്‍ മഴ തുടരുന്ന പശ്ചാതലത്തില്‍ ടോസ് വൈകുകയാണ്. മാത്രമല്ല കൊല്‍ക്കത്തയ്ക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യതകള്‍ തുറക്കൂ.

മത്സരം മഴമൂലം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നാല്‍ കൊല്‍ക്കത്ത സീസണില്‍ നിന്ന് പുറത്താകും. എന്നാല്‍ കളി ആരംഭിച്ചാല്‍ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും കൊല്‍ക്കത്ത ചിന്തിക്കില്ല.

കളത്തിലിറങ്ങുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. പവര്‍പ്ലെയില്‍ അഞ്ച് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ രഹാനയ്ക്ക് 2025 ഐ.പി.എല്‍ സീസണിലെ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമാകാനാണ് സാധിക്കുക. നിലവില്‍ ഈ റെക്കോഡിന്റെ തലപ്പത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ ബ്രഹ്മാസ്ത്രമായ യശസ്വി ജെയ്‌സ്വാളാണ്. 19 സിക്‌സറുകളാണ് താരം പവര്‍പ്ലെയില്‍ ഇതുവരെ നേടിയത്.

2025 ഐ.പി.എല്‍ സീസണിലെ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍

യശസ്വി ജെയ്‌സ്വാള്‍ – 19

അജിന്‍ക്യ രഹാനെ – 15

മിച്ചല്‍ മാര്‍ഷ് – 14

മഴ പെട്ടന്ന് പിന്‍വാങ്ങുമെന്നും കളി ആരംഭിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതേസമയം കന്നി കിരീടം ചൂടാന്‍ സ്വപ്‌നം കാണുന്ന ബെംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാനും ഒന്നാം സ്ഥാനത്ത് എത്താനും ഇന്നത്തെ മത്സരത്തില്‍ വിജയം സ്വന്തമാക്കേണ്ടത് നിര്‍ണായകമാണ്.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. കൊല്‍ക്കത്ത 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റുമായി ആറാം സ്ഥാനത്താണ്.

Content highlight: IPL 2025: Ajinkya Rahane Need 5 Sixes To Break Yashasvi Jaiswal’s Record In IPL 2025