ഐ.പി.എല്ലില്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടന്നു. മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.
61 പന്തില്‍ നിന്നും പുറത്താകാതെ 108 റണ്‍സാണ് സായ് സുദശന്‍ സ്വന്തമാക്കിയത്. 12 ഫോറും നാല് സിക്‌സറും അടക്കം 177.05 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അതേസമയം ക്യാപ്റ്റന്‍ 53 പന്ത് നേരിട്ട് 93 റണ്‍സ് നേടിയാണ് ക്രീസില്‍ തുടര്‍ന്നത്. ഏഴ് സിക്‌സറും മൂന്ന് ഫോറുമാണ് ഗില്‍ സ്വന്തമാക്കിയത്.
ഇപ്പോള്‍ ഇരുവരുടേയും പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജയും മുഹമ്മദ് കൈഫും. ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്ലിനേക്കാളും മികച്ച പ്രകടനമാണ് സായി പുറത്തെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
‘ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെക്കാള്‍ സായ് സുദര്‍ശന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ബാറ്റിങ് മികച്ചതാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ മാത്രമാണ് അദ്ദേഹം ശുഭ്മാനെക്കാള്‍ മുന്നിലെന്ന് തോന്നുന്നില്ല. മുന്‍ മത്സരങ്ങളിലും ഗില്ലിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പതിവായി കളിക്കുന്ന കൂടുതല്‍ കഴിവുള്ള ഒരു താരത്തിനൊപ്പമാണ് സായ് കളിക്കുന്നത്,’ അജയ് ജഡേജ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മുഹമ്മദ് കൈഫ് അജയ് ജഡേജയുടെ അഭിപ്രായത്തോട് യോജിച്ച് സംസാരിക്കുകയും ചെയ്തു. ഗില്ലിനേക്കാള്‍ ശക്തമാണ് സായി എന്നും കൈഫ് പറഞ്ഞു.
‘സായ് ഗില്ലിനേക്കാള്‍ ശക്തനാണ്. അദ്ദേഹം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കളിക്കുന്നത്, സ്‌കോര്‍കാര്‍ഡ് നോക്കുന്നില്ല. ഷോട്ടുകള്‍ അടിക്കുന്നതിന് മുമ്പ് സായ് ബൗളറെ നിരീക്ഷിക്കാറുണ്ട്. അവന്‍ അശ്രദ്ധമായ സ്‌ട്രോക്കുകള്‍ കളിക്കാറില്ല. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തും അദ്ദേഹത്തിന് റണ്‍സ് നേടാന്‍ സാധിക്കും. അവന്റെ ബലഹീനതയെക്കുറിച്ചും എങ്ങനെ പുറത്താക്കണമെന്നും ആര്‍ക്കും അറിയില്ല,’ കൈഫ് പറഞ്ഞു.
Content Highlight: IPL 2025: Ajay Jadeja And Muhammad Kaif praises Sai Sudharshan