ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ് കൊല്‍ക്കത്ത. ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അംകൃഷ് രഘുവംഷിയാണ്. അവസാനഘട്ടത്തില്‍ രമണ്‍ദീപ് സിങ് 22 റണ്‍സും നേടി. എന്നാല്‍ ടോപ് ഓര്‍ഡറിലെ മറ്റ് വമ്പന്‍ ബാറ്റര്‍മാര്‍ക്ക് പോലും ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കാന്‍ സാധിച്ചില്ലായിരുന്നു.
മുംബൈ ബൗളര്‍മാരുടെ അറ്റാക്കില്‍ തര്‍ന്നടിയുകയായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. ആദ്യ ഓവറില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുംബൈയുടെ വജ്രായുധം ട്രെന്റ് ബോള്‍ട്ട് സുനില്‍ നരേനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞയച്ചത്. പൂജ്യം റണ്‍സിനാണ് സുനില്‍ പുറത്തായത്.
ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ ഇടം കയ്യന്‍ പേസര്‍ അശ്വനി കുമാര്‍ ആയിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്ക്റ്റാണ് താരം നേടിയത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസല്‍ (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന നാലാമത്തെ താരമാകാനാണ് അശ്വനിക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് അല്‍സാരി ജോസഫാണ്. ലിസ്റ്റിലെ മൂന്നാമന്‍ പാക് ഇതിഹാസ താരം ഷൊയിബ് അക്തറുമാണ്. എന്നാല്‍ അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അശ്വനി ഒന്നാമതാണ്.