ഐ.പി.എല്ലിലെ കഴിഞ്ഞ ഞായറാഴ്ച നടന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സ് വിജയിച്ചിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്ത് വീണ്ടും മോശം ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. 17 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് താരം നേടിയത്. 105.88 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. സീസണില്‍ പന്തിന്റെ മികച്ച പ്രകടനം കാണാന്‍ സാധിച്ചിട്ടില്ലെന്നും പുതിയ ഫ്രാഞ്ചൈസിയും ക്യാപ്റ്റന്‍സി ഭാരവുമാകാം അതിന് കാരണമെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. മാത്രമല്ല കളിയുടെ സന്തുലിതാവസ്ഥ റിഷബിന് നഷ്ടപ്പെട്ടെന്നും താരത്തിന്റെ കളിയില്‍ എന്തോ നഷ്ടപ്പെട്ടത്‌പോലെ ഉണ്ടെന്നും മുന്‍ ഓസീസ് താരം പറഞ്ഞു.
ഗില്‍ക്രിസ്റ്റ് പന്തിനെക്കുറിച്ച് പറഞ്ഞത്
‘ഈ സീസണില്‍ അവന്റെ മികച്ച പ്രകടനം നമ്മള്‍ കണ്ടിട്ടില്ല. അവന്‍ മുഖത്ത് പുഞ്ചിരിയില്ലായിരുന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദവും പുതിയൊരു ഫ്രാഞ്ചൈസിയില്‍ ചേരുന്നതിന്റെ ഭാരവുമാണ് ഇതിന് കാരണം.
അവന്‍ ആസ്വദിക്കുന്നില്ല. അവന്റെ സ്‌ട്രോക്ക് പ്ലേയ്ക്കും ഷോട്ട് സെലക്ഷനും ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍, അവന്റെ തിളക്കം കാണാന്‍ കഴിയുന്നില്ല. അവന്‍ ബുദ്ധിമുട്ടുകയാണ്.
10-11 മത്സരങ്ങള്‍ക്ക് ശേഷമുള്ള ഒരു നിരീക്ഷണം മാത്രമാണിത്. അവന്‍ സ്വാഭാവികമായി കളിക്കുമ്പോള്‍, കാണാന്‍ ഏറ്റവും ആവേശകരവും രസകരവുമായ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു വ്യക്തിത്വവും ഊര്‍ജ്ജസ്വലമായ ശരീരഭാഷയുമുണ്ട്, പക്ഷേ ഇപ്പോള്‍ എന്തോ ഒരു പോരായ്മയുണ്ട്. തീര്‍ച്ചയായും എന്തോ ഒന്ന് നഷ്ടപ്പെടുന്നുണ്ട്,’ ഗില്‍ക്രിസ്റ്റ് ക്രിക്ക്ബസില്‍ പറഞ്ഞു.
മാത്രമല്ല പതിനെട്ടാം സീസണില്‍ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയ റിഷബ് പന്ത് സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഐ.പി.എല്ലിലെ ഏറ്റവും വിലകൂടിയ താരമായിരുന്നിട്ടും ആകെ 12.80 ശരാശരിയില്‍ 128 റണ്‍സും 99.22 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 0, 15, 2, 2, 21, 63, 3, 0, 4, 18 എന്ന സ്‌കോറിലാണ് താരം സീസണില്‍ ബാറ്റ് ചെയ്തത്.
11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലഖ്‌നൗ. മാത്രമല്ല പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ പന്തിനും കൂട്ടര്‍ക്കും വരും മത്സരങ്ങള്‍ നിര്‍ണായകമാണ്. മെയ് ഒമ്പതിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: IPL 2025: Adam Gilchrist Criticize Rishabh Pant