ഐ.പി.എല്ലില്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്റെ കരുത്തിലാണ് 231 എന്ന ഉയര്‍ന്ന റണ്‍സില്‍ എത്തിയത്. ബെംഗളൂരുവിനെതിരെ ഹൈദരാബാദ് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. ഇഷാന്‍ കിഷന്‍ 48 പന്തില്‍ പുറത്താവാതെ 94 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തി. 195.83 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്സ് അഞ്ച് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു.
ഓപ്പണര്‍ അഭിഷേക് ശര്‍മ 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സും നേടിയരുന്നു. 200 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു മിന്നും നാഴികക്കല്ല് പിന്നിടാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.
നിലവില്‍ 145 മത്സരങ്ങളിലെ 141 ഇന്നിങ്‌സില്‍ നിന്ന് 4002 റണ്‍സാണ് അഭിഷേക് ഫോര്‍മാറ്റില്‍ നേടിയത്. 141 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 31.51 ആവറേജും 166.5 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടി-20യില്‍ ഏഴ് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും അഭിഷേക് അടിച്ചെടുത്തിട്ടുണ്ട്.
സീസണില്‍ ഹൈദരാബാദിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് 407 റണ്‍സാണ് താരം നേടിയത്. 141 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം സീസണില്‍ നേടിയത്. 33.92 ആവറേജില്‍ സ്‌കോര്‍ ചെയ്ത അഭിഷേകിന് 192.89 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.