| Sunday, 18th May 2025, 8:11 am

അങ്ങനെയങ്കില്‍ ബെംഗളൂരുവിനൊപ്പം ഞാനുമുണ്ടാവും; വമ്പന്‍ പ്രഖ്യാപനവുമായി ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴ കാരണം മത്സരം നടക്കാതെ വന്നതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

ഇതോടെ ടൂര്‍ണമെന്റിന്റെ 18ാം സീസണില്‍ നിന്ന് ഡിഫന്റിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായിരിക്കുകയാണ്. അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാവുകയും ചെയ്തു.

ഇപ്പോള്‍ ബെംഗളൂരു ടീം ഫൈനലിലെത്തിയാല്‍ താനും ടീമിന്റെ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുമെന്ന് പറയുകയാണ് മുന്‍ ബെംഗളൂരു സൂപ്പര്‍ താരവും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവുമായ എ.ബി. ഡി വില്ലിയേഴ്സ്. വിരാട് കോഹ്ലിക്കൊപ്പം ആ ട്രോഫി ഉയര്‍ത്തുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ വാക്കുകള്‍ കുറിച്ചിട്ടോളൂ, ആര്‍.സി.ബി ഫൈനലില്‍ എത്തിയാല്‍, ഞാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തില്‍ ഉണ്ടാകും. വിരാട് കോഹ്ലിക്കൊപ്പം ആ ട്രോഫി ഉയര്‍ത്തുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല. വര്‍ഷങ്ങളായി ഞാന്‍ അതിനായി ശ്രമിച്ചിരുന്നു,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ എക്കാലത്തെത്തും മികച്ച താരങ്ങളില്‍ ഒരാളാണ് എ.ബി. ഡി വില്ലിയേഴ്സ്. 11 സീസണുകളില്‍ ടീമിന്റെ ഭാഗമായ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു.

അതേസമയം, ഈ സീസണില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് പോകുന്ന ബെംഗളൂരു കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 17 പോയിന്റാണ് ടീമിനുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും പ്ലേ ഓഫില്‍ ടീമിന് സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.

Content Highlight: IPL 2025: AB de Villiers says that he will be be there at the stadium if RCB reaches IPL final

We use cookies to give you the best possible experience. Learn more